ആരോഗ്യ മന്ത്രിയുടെ വായാടിത്തത്തിന് ഒരു കുറവുമില്ലെന്ന് എം വി ജയരാജൻ…

സംസ്ഥാനത്ത് രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞി പോലും ഇല്ലാത്ത അവസ്ഥയാണെന്നും എന്നിട്ടും മന്ത്രിയുടെ വായാടിത്തത്തിന് ഒരു കുറവുമില്ലെന്നും എം വി ജയരാജൻ. കായിക മേളയ്ക്കിടെ അപകടം ഉണ്ടായപ്പോൾ കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും ആളില്ലാത്ത സാഹചര്യമുണ്ടായി. ഇതിൽ കായിക മന്ത്രി വിദ്യാഭ്യാസ മന്ത്രിയെ പഴിചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ ക്ഷേമമോ കുട്ടികളുടെ സുരക്ഷയോ അല്ല, മറിച്ച് ഗോകുൽമാരുടെ അഴിഞ്ഞാട്ടമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ എസ്ഐ ഭീഷണി മുഴക്കിയ സംഭവത്തിലും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. കുപ്രസിദ്ധിക്ക് റെക്കോർഡ് നൽകേണ്ട ഉദ്യോഗസ്ഥനാണ് ഗോകുൽ എന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസുകാരും ബിജെപിക്കാരും എന്തെങ്കിലും കുറ്റം ചെയ്താൽ കേസില്ലെന്നും, സിപിഎം പ്രവർത്തകർക്കെതിരെ മാത്രമാണ് കേസെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി അണികളെ കൂടെ നിർത്താനുള്ള മർദനവും ക്രൂരതയുമാണ് സർക്കാർ ചെയ്യുന്നത്. ഗോകുലിനെ കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നും പുറത്താക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.



