ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാജ്യതലസ്ഥാനം ഇന്നും പ്രക്ഷുബ്ധമാകും, വൈകിട്ട്..

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യതലസ്ഥാനത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം കൂടുതൽ ശക്തമാകുകയാണ്. ഇന്ന് വൈകിട്ട് ഇന്ത്യാ ഗേറ്റ് പരിസരത്ത് നിന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൺ മാർച്ച് നടത്തും എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ആഹ്വാനം ഉയർന്നിട്ടുണ്ട്. ഇന്നലെ പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ മർദനത്തിന് പുറമെ മാധ്യമ പ്രവർത്തകരെ അടക്കം മർദിച്ചുവെന്നാരോപിച്ചാണ് ഇന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവും ഇതിനോടകം വന്നിട്ടുണ്ട്. പത്താം തീയതി സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. എന്നാൽ, നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പ്രതിഷേധത്തിനായി ജന്തർ മന്തറിലേക്ക് ആരെയും കടത്തിവിടില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡൽഹി പോലീസ്. അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയിൽ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ സംഘടനകൾ.



