പല തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ… യുഡിഎഫിൽ അതൃപ്തി പരസ്യമാക്കി…

തിരുവനന്തപുരം: യുഡിഎഫിൽ അതൃപ്തി പരസ്യമാക്കി മുന്നണി കൺവീനറും എംപിയുമായ അടൂർ പ്രകാശ്. യുഡിഎഫ് യോഗം വിളിച്ച് പല വിഷയങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ടെന്നും അതിന് മുൻകൈ എടുക്കേണ്ടത് മുന്നണി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശനാണെന്നും അടൂർ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രി തീരുമാനമെടുക്കാത്തതിനാലാണ് യോഗം ചേരാൻ കഴിയാത്തതെന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫിനെ സംബന്ധിച്ച പല കാര്യങ്ങൾക്കും കൃത്യമായി മറുപടി പറയാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നും അതിൽ ഖേദമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. പല കാര്യങ്ങളും ചർച്ചയോ ആലോചനയോ ഇല്ലാതെയാണ് നടക്കുന്നത്. ഇതിലുള്ള അതൃപ്തി പരസ്യമായി വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ഏകോപനക്കുറവുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുചേർക്കേണ്ടത് കൺവീനറുടെ ചുമതലയാണ്. എന്നാൽ ചെയർമാന്റെ അനുമതിയോടെയാണ് അത് ചെയ്യേണ്ടതെന്നും അടൂർ പ്രകാശ് പറഞ്ഞു. മുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങൾ നേതൃത്വത്തെ അറിയിക്കുകയാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി.

എഐസിസിയാണ് തന്നെ യുഡിഎഫ് കൺവീനറായി ചുമതലപ്പെടുത്തിയതെന്നും അതിനാൽ അതൃപ്തി അറിയിക്കേണ്ടിടത്ത് അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. മുന്നണി കൺവീനർ എന്ന നിലയിൽ പല കാര്യങ്ങളും തന്നെ അറിയിച്ചിട്ടില്ലെന്ന വിവരം എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാബിനറ്റ് പദവി നൽകിയവരെല്ലാം അർഹതയുള്ളവരാണെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും തന്നെ അറിയിച്ചിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്രയും വേഗം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നും അർഹതപ്പെട്ടവർക്ക് സ്ഥാനങ്ങൾ ലഭിക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.

Related Articles

Back to top button