റഷ്യൻ സൈന്യത്തിൽ ചേരാനായി പോകുന്ന ഇന്ത്യക്കാർക്ക് കടുത്ത താക്കീതുമായി വിദേശകാര്യ മന്ത്രാലയം

റഷ്യൻ സൈന്യത്തിന്റെ ഭാഗമാകാനായി പോകുന്ന ഇന്ത്യക്കാർക്ക് കർശന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജൻസികളിൽ നിന്ന് മാറി നിൽക്കണമെന്ന് വിദേശകാര്യ മന്ത്രാലയം താക്കീത് നൽകി. വൻ തുക ശമ്പളം വാഗ്ദാനം ചെയ്ത് ഇവർ സേനയുടെ ഭാഗമാക്കിയവർ പിന്നീട് ഇതിൽ നിന്നും പുറത്തുവരുന്നതിനായി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുന്ന സംഭവങ്ങൾ കൂടിവരികയാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്‍റെ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
റഷ്യയിൽ താമസിക്കുന്ന ചില ഇന്ത്യക്കാരാകട്ടെ ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വെച്ച് റഷ്യൻ സൈന്യത്തിൽ ചേരാനുള്ള ശ്രമം നടത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ഇത്തരം നീക്കങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. റഷ്യൻ സൈന്യത്തിൽ ചേർന്ന നിരവധി ഇന്ത്യക്കാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് വിദേശകാര്യ മന്ത്രാലയം ഇത്തരമൊരു താക്കീതുമായി എത്തിയിരിക്കുന്നത്. യുക്രെയിൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കിയും റഷ്യ ഇന്ത്യക്കാരെ അടക്കം സൈന്യത്തിൽ ചേർക്കുന്നു എന്ന് ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിൽ പറഞ്ഞിരുന്നു.




