കുളിക്കുമ്പോൾ 24-കാരൻ്റെ വയറിൽ കണ്ട തടിപ്പ് പ്രാണി കടിച്ചതെന്ന് കരുതി; ശസ്ത്രക്രിയയിൽ നീക്കം ചെയ്‌തത് ചക്കയോളം വലിപ്പമുള്ള….

കുളിക്കുന്നതിനിടെ വയറിന്റെ വലതുഭാഗത്ത് ചെറിയൊരു തടിപ്പ് കണ്ടപ്പോൾ ഏതോ പ്രാണി കടിച്ചതെന്ന് ആദ്യം കരുതിയ 24-കാരന് തെറ്റി. നിസാരമെന്ന് കരുതിയ ആ തടിപ്പ് ചക്കയോളം വലിപ്പമുള്ള, നാല് കിലോഗ്രാം ഭാരമുള്ള കൂറ്റൻ കരൾ ട്യൂമറായിരുന്നു. എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ നടന്ന സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഈ ട്യൂമർ പുറത്തെടുത്തു. ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. ഫദ്‌ൽ എച്ച്. വീരാൻകുട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയയിലൂടെ ട്യൂമർ വിജയകരമായി നീക്കം ചെയ്തത്. ഡോ. ജോൺ മണിപ്പാടം, ഡോ. ഷഫീഖ്, ഡോ. അരവിന്ദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ആദ്യം വെല്ലൂരിലെ ഒരു ആശുപത്രിയിലാണ് യുവാവ് ചികിത്സ തേടിയത്. അവിടെവെച്ച് കരളിലെ ട്യൂമറിന്റെ ബയോപ്സി ചെയ്തു. തുടർന്ന് കുടുംബം വി.പി.എസ് ലക്ഷ്ഷോർ ആശുപത്രിയിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇവിടുത്തെ കോംപ്രഹൻസിവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ യുവാവിനെ വിശദമായ പരിശോധനകൾക്ക് വിധേയനാക്കി. ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം വൈദികനാകാൻ ആഗ്രഹിക്കുന്ന യുവാവിന് മറ്റ് ഗുരുതരമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു മാസം മുൻപ് മാത്രമാണ് വയറിൽ തടിപ്പ് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി യുവാവിൽ ക്യാൻസർ ട്യൂമർ വളരുകയായിരുന്നു എന്ന് പരിശോധനയിൽ വ്യക്തമായി.

യുവാവിൽ കണ്ടെത്തിയത് ന്യൂറോ എൻഡോക്രൈൻ ട്യൂമർ വിഭാഗത്തിൽപ്പെടുന്ന ട്യൂമറാണെന്ന് ഡോ. ഫദ്‌ൽ എച്ച്. വീരാൻകുട്ടി പറഞ്ഞു. ചെറുകുടലിന്റെ മുകൾഭാഗത്ത് വെറും നാല് ഗ്രാം മാത്രം വലിപ്പത്തിലായിരുന്നു ഇതിൻ്റെ തുടക്കം. അവിടെനിന്നും ഇത് കരളിലേക്ക് പടരുകയായിരുന്നു. കുടലിലെ ട്യൂമർ കാര്യമായ മാറ്റമില്ലാതെ തുടർന്നപ്പോൾ കരളിലേക്ക് പടർന്ന ട്യൂമർ വളർന്ന് നാല് കിലോഗ്രാം വലിപ്പത്തിലെത്തി. ട്യൂമറിന്റെ വലിപ്പ കൂടുതൽ മാത്രമല്ല, പ്രധാന രക്തക്കുഴലുകളെയും മറ്റ് സുപ്രധാന ഭാഗങ്ങളെയും അമർത്തിക്കൊണ്ടാണ് ഇത് സ്ഥിതി ചെയ്തിരുന്നത് എന്നതും ശസ്ത്രക്രിയ ഏറെ സങ്കീർണ്ണമാക്കി. പ്യുവർ ആന്റീരിയർ അപ്രോച്ച് എന്ന സംവിധാനം ഉപയോഗിച്ചാണ് ട്യൂമർ നീക്കം ചെയ്തത് – അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button