എയ്ഡഡ് സ്കൂൾ നിയമനം ഇനി പൊലീസ് വെരിഫിക്കേഷന് ശേഷം മാത്രം; ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക്..

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് ഇനി മുതൽ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ക്രിമിനൽ പശ്ചാത്തലമുള്ളവർ ജോലിയിൽ പ്രവേശിക്കുന്നത് തടയുക എന്നതാണ് ഈ പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
നേരത്തേ ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പൊതുമേഖല സ്ഥാപങ്ങൾ, ക്ഷേമനിധി ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം പൊലീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദേശം. ഇതിന്റെ ചുവടുപിടിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
എയ്ഡഡ് സ്‌കൂൾ ജീവനക്കാരുടെ നിയമന അംഗീകാരത്തിന് സമർപ്പിക്കേണ്ട രേഖകളിൽ പൊലീസ് വെരിഫിക്കേഷൻ പെർഫോമ കൂടി ഉൾപ്പെടുത്താൻ ഉത്തരവിൽ പറയുന്നുണ്ട്. ഇങ്ങനെ നൽകുന്ന പെർഫോമയിൽ നിയമനാംഗീകാര അധികാരികൾ ബന്ധപ്പെട്ട പൊലീസ് അധികാരികളിൽ നിന്ന് റിപ്പോർട്ട് തേടണം. ഇത് കൂടി പരിഗണിച്ച ശേഷം മാത്രമേ നിയമനത്തിന് അംഗീകാരം നൽകാവൂ എന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ഇത് സംബന്ധിച്ച് കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ ആവശ്യത്തിന് മാറ്റങ്ങൾ വരുത്തും



