‘മുത്തു’വിൽ നിന്ന് ‘തമ്പുരാനി’ലേക്ക്… 30 കോടിയുടെ തിരുവോണം ബമ്പർ….

തളിപ്പറമ്പ്: 30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ ടിക്കറ്റ് തളിപ്പറമ്പ് ടൗണിൽ തന്നെയാണ് വിറ്റതെന്ന് ലോട്ടറി സ്റ്റാൾ ഉടമ പി.വി. വത്സരാജ്. സുജിത്ത് എന്ന ലോട്ടറി ഏജന്റാണ് ടിക്കറ്റ് വാങ്ങിയത്. ഒരാഴ്ച മുൻപാണ് ടിക്കറ്റ് വിറ്റതെന്നും വത്സരാജ് പറഞ്ഞു. തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന തമ്പുരാൻ ലോട്ടറി സ്റ്റാളിൽ നിന്ന് സുജിത്ത് 30 ടിക്കറ്റുകളാണ് വാങ്ങിയത്. ഇതിൽ ഒരു ടിക്കറ്റിനാണ് 30 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ക്രിസ്മസ് ബമ്പർ, മൺസൂൺ ബമ്പർ ഉൾപ്പെടെ നേരത്തെയും സമ്മാനാർഹമായ ടിക്കറ്റുകൾ വിറ്റിട്ടുള്ള സ്റ്റാളാണ് തമ്പുരാൻ.
ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിൽ നിന്നാണ് തമ്പുരാൻ ലോട്ടറി സ്റ്റാളിന്റെ ഉടമ പി.വി. വത്സരാജ് ടിക്കറ്റുകൾ മൊത്തമായി വാങ്ങുന്നത്. കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര ബമ്പർ ഒന്നാം സമ്മാനവും മുത്തു ഏജൻസിയിലൂടെ വിറ്റ അനീഷ് എന്നയാളുടെ ടിക്കറ്റിനായിരുന്നു. 2025ലെ ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം 20 കോടി രൂപയായിരുന്നു. ഇതിന് മുൻപും മുത്തു ഏജൻസിയിലൂടെ ബമ്പർ ടിക്കറ്റിന് ഒരു കോടി രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് വത്സരാജ് പറഞ്ഞു. 18 വർഷമായി ലോട്ടറി കച്ചവടം നടത്തുന്നയാളാണ് അനീഷ്. ഒന്നാം സമ്മാനമായ 30 കോടിയിൽ ഏജൻസി കമ്മീഷനും നികുതിയും കുറച്ച ശേഷമുള്ള തുകയാണ് സമ്മാനാർഹന് ലഭിക്കുക. കമ്മീഷനായി മൂന്ന് കോടിയും നികുതിയായി 10.53 കോടിയും കുറച്ചാൽ 16.47 കോടി രൂപയാണ് ലഭിക്കുക.



