ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം… ഒരു മാസത്തിനിടെ ആറ് ക്ഷേത്രങ്ങളിൽ…

കൊച്ചി: കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം. ഒരു മാസത്തിനിടെ ആറ് ക്ഷേത്രങ്ങളിലാണ് കള്ളൻ കയറിയത്. ഏറ്റവും ഒടുവിൽ തൃക്കാക്കര കുണ്ടാട്ടുകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കളമശ്ശേരി ക്വിസാറ്റ് ക്യാമ്പസിന് സമീപമുള്ള ക്ഷേത്രത്തിൽ പുലർച്ചെയാണ് മോഷണം നടന്നത്. 25 കിലോ ഭാരമുള്ള വലിയ കെടാവിളക്ക്, ഏഴ് തൂക്കുവിളക്കുകൾ, രണ്ട് കിണ്ടി എന്നിവയാണ് നഷ്ടപ്പെട്ടത്. ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് സാധാരണ ക്ഷേത്രനട തുറക്കാറുള്ളത്.

രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ക്ഷേത്രങ്ങളിൽ സമാന രീതിയിൽ മോഷണം നടന്നതായി പൊലീസ് പറയുന്നു. പാതിരക്കാട്ട് കാവ്, വട്ടേക്കുന്നം മുരുക ക്ഷേത്രം, കളമശ്ശേരി ചുള്ളിക്കാവ് ഭഗവതി ക്ഷേത്രം, കൂനംതൈ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു. പല ക്ഷേത്രങ്ങളിൽ നിന്നും വിളക്കുകളും മറ്റ് വസ്തുക്കളുമാണ് നഷ്ടപ്പെട്ടത്. മോഷണം നടത്തിയവർക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. വിവിധ ക്ഷേത്രങ്ങളിലെ മോഷണങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

Related Articles

Back to top button