മുട്ടില്‍ മരംമുറി കേസിൽ വനംവകുപ്പിന്റെ കുറ്റപത്രം കോടതി… ദുർബലമായ കുറ്റപത്രം നൽകി പ്രതികളെ…

വയനാട്: വിവാദമായ മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചില്ല. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. പ്രതികളെ സഹായിക്കാൻ വനംവകുപ്പ് ദുർബലമായ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന ആക്ഷേപം ഇതിലൂടെ ശക്തമായിരിക്കുകയാണ്. സംഭവം നടന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഈ മാസം 17-നാണ് വനംവകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

മരങ്ങള്‍ വനത്തിനുള്ളില്‍ നിന്നുള്ളതാണോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായ തെളിവുകളോടെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം. സംഭവത്തിൽ സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്. കുറ്റപത്രം കോടതി മടക്കിയ സംഭവത്തില്‍ വനംവകുപ്പ് മന്ത്രി നോര്‍ത്തേണ്‍ സിസിഎഫിനോട് അടിയന്തരമായി വിശദീകരണം തേടുകയും ഇന്ന് തന്നെ റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ കുറ്റപത്രം ഇന്ന് തന്നെ കോടതിയിൽ സമർപ്പിക്കുമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. 2020 ഒക്ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിലാണ് വിവാദ ഉത്തരവിന്റെ മറവിൽ 14 കോടിയുടെ മരങ്ങൾ മുറിച്ചു കടത്തിയത്. ഈ സംഭവത്തിൽ ആകെ 52 കേസുകളാണ് വനം വകുപ്പ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 40 കേസുകളിലും അഗസ്റ്റിൻ സഹോദരങ്ങളാണ് പ്രതികൾ.

Related Articles

Back to top button