ഹോർമൂസിൽ കപ്പലിന് നേരെ മിസൈൽ ആക്രമണം; രണ്ട് നാവികർ..

ഹോർമൂസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ രണ്ട് നാവികർ കൊല്ലപ്പെട്ടു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായി. കപ്പലിലുണ്ടായിരുന്ന മറ്റ് നാവികരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതിനിടെ യെമനിലെ വിവിധ മേഖലകളിൽ സൗദി അറേബ്യ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടെന്നും 14 പേർക്ക് പരിക്കേറ്റെന്നും ഹൂതി വിമതർ ആരോപിച്ചു. തായിസ്, അൽ ജൗഫ് മേഖലകളിലാണ് സൗദി ആക്രമണം നടന്നതെന്നാണ് ഹൂതികളുടെ അവകാശവാദം.
സൗദി അറേബ്യയ്ക്ക് അമേരിക്ക സൈനിക സഹായം നൽകിയാൽ ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ മന്ദേബ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള നീക്കത്തിൽനിന്ന് അമേരിക്ക പിന്മാറണമെന്നും ഹൂതികൾ ആവശ്യപ്പെട്ടു.
ഹൂതികളുടെ തുടർച്ചയായ ആക്രമണ ഭീഷണിക്കിടെ സൗദി അറേബ്യ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടും ഡ്രോൺ ഷോയും മാറ്റിവെച്ചു. രാജ്യത്തിന് നേരെയുള്ള ആക്രമണസാഹചര്യം കണക്കിലെടുത്താണ് പരിപാടികൾ മാറ്റിവെച്ചതെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ 23നാണ് സൗദി അറേബ്യ ദേശീയദിനം ആഘോഷിക്കുന്നത്. ഗൾഫ് മേഖലയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമൂസ് കടലിടുക്കിലെയും ചെങ്കടൽ മേഖലയിലെയും സുരക്ഷാ സാഹചര്യം കൂടുതൽ ആശങ്കയിലായിരിക്കുകയാണ്.




