ആദ്യം കണ്ടത് റബ്ബർ ടാപ്പിങ് തൊഴിലാളി, പിന്നീട് നാട്ടുകാരും.. കരിമ്പുലിയിറങ്ങി

പത്തനംതിട്ടയിലെ കലഞ്ഞൂരിൽ കരിമ്പുലിയുടെ സാന്നിധ്യം. ജനവാസമേഖലയിലാണ് കരിമ്പുലി ഇറങ്ങിയത്. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട എലിക്കോട് ഇരുക്കുഴി ഭാഗത്ത് ജനവാസമേഖലയ്ക്ക് സമീപത്തതായാണ് കരിമ്പുലിയെ കണ്ടത്. ഇന്നലെ രണ്ടുതവണയായാണ് നാട്ടുകാർ പ്രദേശത്ത് കരിമ്പുലിയെ കണ്ടത്.
രാവിലെ റബ്ബർ ടാപ്പിങ് തൊഴിലാളികളാണ് ആദ്യം കരിമ്പുലിയെ കാണുന്നത്. പിന്നീട് വൈകീട്ട് അഞ്ചു മണിയോടെ പ്രദേശവാസികളായ നാട്ടുകാരും ഈ പ്രദേശത്ത് കരിമ്പുലിയെ കണ്ടു.
തുടർന്ന് നാട്ടുകാർ ചേർന്ന് ഈ വിവരം ഒമ്പതാം വാർഡ് മെമ്പർ പ്രസന്നകുമാരിയെ അറിയിക്കുകയും, ഇവർ വനം വകുപ്പിന് വിവരം കൈമാറുകയും ചെയ്തു. പിന്നാലെ വനംവകുപ്പ് സംഭവസ്ഥലത്തെത്തുകയും കരിമ്പുലിയുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു.



