വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉത്തരേന്ത്യയും കൈവിട്ടു; കേരളം കാത്തിരിക്കുന്നത്..

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകില്ല. വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് അധിക വൈദ്യുതി എത്തിക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കത്തിന് കാര്യമായ ഫലമുണ്ടായില്ല. ഡൽഹി, ഉത്തർപ്രദേശ്, ഒഡിഷ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ അധികൃതരുമായി കെ.എസ്.ഇ.ബി. ഡയറക്ടർമാർ നടത്തിയ ചർച്ചകൾ പ്രതീക്ഷിച്ച ഫലം കണ്ടില്ല.
ഹിമാചൽപ്രദേശിൽനിന്ന് വൈദ്യുതി ലഭ്യമാക്കാൻ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഇടപെട്ടിരുന്നെങ്കിലും നിലവിൽ പഞ്ചാബുമായുള്ള കരാറാണ് ഹിമാചലിനുള്ളത്. ഒക്ടോബർ വരെ ഈ കരാർ തുടരും. അതിന് ശേഷം കേരളത്തിന് വൈദ്യുതി നൽകുന്ന കാര്യം പരിഗണിക്കാമെന്നാണ് ഹിമാചൽ അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനുള്ള സാധ്യത പൂർണമായും ഒഴിവായിട്ടില്ല. ഉപഭോഗത്തിൽ കുറവുണ്ടാകാതിരിക്കുകയോ തത്സമയ വൈദ്യുതി വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭിക്കാതിരിക്കുകയോ ചെയ്താൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്നാണ് കെ.എസ്.ഇ.ബി. വ്യക്തമാക്കുന്നത്.



