‘സർക്കാരിന്റെ നടപടിക്രമം അവ്യക്തമായി തുടരുന്നത് ആശങ്കാജനകം’…മാർ റാഫേൽ തട്ടിൽ

കൊച്ചി: പരിസ്ഥിതി ലോല മേഖലയുടെ പരിധി സംബന്ധിച്ച കൃത്യമായ വിവരങ്ങളും ഭൂപടങ്ങളും തയ്യാറാക്കി ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് സമർപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കുമ്പോഴും സർക്കാരിന്റെ നടപടിക്രമം അവ്യക്തമായി തുടരുന്നത് ആശങ്കാജനകമാണെന്നും മാർ റാഫേൽ തട്ടിൽ വ്യക്തമാക്കി.
പശ്ചിമഘട്ട പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ഏഴാമത്തെ കരട് വിജ്ഞാപനത്തെകുറിച്ചുള്ള പരാതികളും അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 25-ന് അവസാനിക്കാനിരിക്കെയാണ് ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. സീറോ മലബാർ സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.



