സ്പേസ് ട്രാക്കിങ് റഡാറുമായി ഐഎസ്ആർഒ

ബഹിരാകാശത്തെമാലിന്യം കണ്ടെത്താൻ റഡാർ സംവിധാനവുമായി ഐഎസ്ആർഒ. കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളും ഉപഗ്രഹങ്ങൾക്ക് ഭീഷണിയാകുന്ന മാലിന്യം കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന പ്രോജക്ട് നേത്രയുടെ ഭാഗമാണിത്.

റഡാർ സംവിധാനത്തിൽനിന്ന് ശക്തമായ റേഡിയോ തരംഗങ്ങൾ ബഹിരാകാശത്തേക്കയച്ച് അതിന്റെ പ്രതിഫലനം വിശകലനം ചെയ്ത് ഉപഗ്രഹങ്ങളുടെ സഞ്ചാരപഥത്തിലേക്കുവരുന്ന വസ്തുക്കളെ കണ്ടെത്തും. കൂട്ടിയിടി സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചാൽ അതുപ്രകാരം ഉപഗ്രഹത്തിന്റെ സഞ്ചാരപഥത്തിൽ മാറ്റം വരുത്താൻ കഴിയും. അസമിലെ ഗുവഹാട്ടിക്ക് സമീപം ചന്ദ്രപുരിയൽ 67 ഏക്കർ സ്ഥലത്താണ് അത്യാധുനിക സ്പേസ് ട്രാക്കിങ് റഡാർ കേന്ദ്രം വരുന്നത്. ആദ്യഘട്ടം ജനുവരിയിൽ പ്രവർത്തനക്ഷമമാകും. നാലുവർഷത്തിനുള്ളിൽ കേന്ദ്രം പൂർണസജ്ജമാകും. അഡ്വാൻസ്ഡ് റഡാർ റിസർച്ച് സെന്ററിന്റെ ശിലാസ്ഥാപനം ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണന്റെ സാന്നിധ്യത്തിൽ അസം മുഖ്യമന്ത്രി ഹിമന്തബിശ്വശർമ നിർവഹിച്ചു.

നിലവിൽ ബഹിരാകാശമാലിന്യം തിരിച്ചറിയാൻ യുഎസിന്റെ എയ്‌റോസ്‌പെയ്‌സ് ഡിഫൻസ് കമാൻഡ് പോലുള്ള വിദേശ ഏജൻസികളുടെ സഹായമാണ് തേടുന്നത്. നിരീക്ഷണസംവിധാനം ശക്തമാകുന്നതോടെ ഇന്ത്യയുടെ ആകാശപരിധിയിലൂടെ പോകുന്ന ഏതൊരു വസ്തുവിനെയും നിരീക്ഷിക്കാൻ കഴിയും. ഏത് പ്രതികൂല കാലാവസ്ഥയിലും ബഹിരാകാശത്ത് 2000 കിലോമിറ്റർ ദൂരത്തുള്ള 10 സെന്റീമീറ്റർ വ്യാസമുള്ള വസ്തുക്കളെപ്പോലും കണ്ടെത്താനാകും. കൂടുതൽ ബഹിരാകാശദൗത്യങ്ങൾക്കായി രണ്ട് വിക്ഷേപണകേന്ദ്രങ്ങൾകൂടി നിർമിക്കാനും കൂടുതൽ റഡാർ സ്റ്റേഷനുകളും സ്ഥാപിക്കുാനും ഐഎസ്ആർഒ പദ്ധതിയുണ്ട്.

Related Articles

Back to top button