നാല് വർഷമായി വീടുമായി എനിക്ക് ബന്ധമില്ല…. ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയിൽ…

കൊച്ചി: വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് നിയമവിരുദ്ധമായ അളവിൽ മദ്യം പിടികൂടിയ കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഹർജിയിൽ എക്സൈസിന്റെ മറുപടി തേടിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത് കേസ് വീണ്ടും വൈകിട്ട് നാലിന് പരിഗണിക്കും. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്.

ബുധനാഴ്ച വൈകിട്ട് മുട്ടിൽ ഗ്രാമപഞ്ചായത്തിലെ വീട്ടിൽ നിന്ന് 43.850 ലിറ്റർ വിദേശനിർമിത മദ്യവും വൈനും ഉൾപ്പെടെ എക്സൈസ് സംഘം പിടികൂടിയിരുന്നു. തുടർന്ന് അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ രാവിലെ എറണാകുളത്തുനിന്നാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മദ്യം പിടികൂടിയ വീടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ജാമ്യാപേക്ഷയിലെ പ്രധാന വാദം. 2022ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർഫാസി നിയമപ്രകാരം ലേലം ചെയ്ത വസ്തുവാണിതെന്നും രണ്ട് കോടി രൂപയ്ക്ക് ലില്ലി ജോസ് എന്ന വ്യക്തിക്കാണ് ലേലത്തിൽ ലഭിച്ചതെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ നാല് വർഷമായി വസ്തുവിന്റെ ഉടമസ്ഥതയോ കൈവശാവകാശമോ തനിക്കില്ലെന്നും ആന്റോ വാദിക്കുന്നു.

റെയ്ഡ് നടന്ന സമയത്ത് താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും മദ്യം വിൽപന നടത്തിയതിനോ വിൽപനയ്ക്കായി സൂക്ഷിച്ചതിനോ തെളിവുകളില്ലെന്നും ഹർജിയിൽ പറയുന്നു. പിടിച്ചെടുത്തത് പ്രമുഖ ബ്രാൻഡുകളുടെ വിദേശമദ്യമായതിനാൽ അനുവദനീയമായ അളവിൽ കൂടുതൽ സൂക്ഷിച്ചെന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും ഹർജിയിൽ വാദിക്കുന്നു. റെയ്ഡ് വേളയിലും അറസ്റ്റ് സമയത്തും ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ആന്റോ ആരോപിക്കുന്നു. കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയായെന്നും തെളിവുകൾ എക്സൈസ് കസ്റ്റഡിയിലാണെന്നും ചൂണ്ടിക്കാട്ടി തുടർന്നുള്ള കസ്റ്റഡി ആവശ്യമില്ലെന്നും ഹർജിയിൽ പറയുന്നു. കോടതി നിർദേശിക്കുന്ന ഏത് ഉപാധികളും പാലിക്കാൻ തയ്യാറാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

Related Articles

Back to top button