സർക്കാർ ആശുപത്രികളിൽ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും… നിയമനങ്ങൾക്ക്…

കോട്ടയം: സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും സാധ്യമായ നിയമനങ്ങൾ നടത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കടനാട് ഗ്രാമപഞ്ചായത്തിലെ ആയുഷ്മാൻ ആരോഗ്യ മന്ദിർ മെയിൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്റ്റാഫ് പാറ്റേൺ പരിഷ്കരണം സംബന്ധിച്ച് അടുത്താഴ്ച മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
റോബോട്ടിക് ചികിത്സ ഉൾപ്പെടെയുള്ള ആധുനിക ചികിത്സാ സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ കൊണ്ടുവരും. കോഴിക്കോട് മെഡിക്കൽ കോളജിൽ പരീക്ഷണാടിസ്ഥാനത്തിൽ വെർച്വൽ ഓട്ടോപ്സിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഹെൽത്ത് ഗ്രാന്റിൽ ഉൾപ്പെടുത്തി 55.5 ലക്ഷം രൂപ ചെലവഴിച്ചാണ് കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചുള്ള മെയിൻ സെന്ററായ ആയുഷ്മാൻ ആരോഗ്യ മന്ദിർ നിർമിച്ചത്. പ്രാഥമിക ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനും ആരോഗ്യപരിപാലന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും കേന്ദ്രം സഹായകരമാകും.
ഒപി സേവനങ്ങൾ, പ്രതിരോധ കുത്തിവെപ്പ്, നവജാത ശിശു ആരോഗ്യ സംരക്ഷണം, ഗർഭധാരണവുമായി ബന്ധപ്പെട്ട ചികിത്സ, സൗജന്യ മരുന്ന്, സൗജന്യ ലാബ് ഡയഗ്നോസ്റ്റിക്, കുടുംബാസൂത്രണം, കൗമാരക്കാരുടെ ആരോഗ്യ സേവനങ്ങൾ എന്നിവ ഇവിടെ ലഭിക്കും. വയോജനങ്ങൾക്ക് സാന്ത്വന പരിചരണം, മാനസിക ആരോഗ്യ സേവനങ്ങൾ, സാംക്രമിക-സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധം, ബോധവൽക്കരണ ക്ലാസുകൾ, ഇ-സഞ്ജീവനി, ടെലി കൺസൽട്ടേഷൻ, വിഷയാധിഷ്ഠിത ക്ലിനിക്കുകൾ, പേഷ്യന്റ് സപ്പോർട്ട് ഗ്രൂപ്പ്, ക്യാൻസർ സ്ക്രീനിംഗ് തുടങ്ങിയ സേവനങ്ങളും കേന്ദ്രത്തിൽ ലഭ്യമാകും.



