ഇനി റേഷൻ വിതരണം കേന്ദ്ര നിരീക്ഷണത്തിൽ… 6 മാസം റേഷൻ വാങ്ങാത്തവർക്ക്…

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സ്മാർട്ട് പിഡിഎസ് പദ്ധതി അടുത്ത മാസം നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് 6 ലക്ഷത്തിലേറെ റേഷൻ കാർഡുകൾ റദ്ദാകുകയോ മരവിപ്പിക്കുകയോ ചെയ്തേക്കും. ആറ് മാസത്തിലേറെയായി റേഷൻ വാങ്ങാത്ത ഈ കാർഡുകളിൽ 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളാണുള്ളത്. കാർഡ് അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും റേഷൻ വിതരണത്തിന്റെ താഴെത്തട്ടുവരെയുള്ള നടപടികൾ കേന്ദ്രതലത്തിൽ നിരീക്ഷിക്കുകയും ചെയ്യുന്നതാണ് സ്മാർട്ട് പിഡിഎസ്.

‘സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം’ എന്നതാണ് പദ്ധതിയുടെ പൂർണരൂപം. പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം 2024ൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. ആറ് മാസത്തിലേറെയായി റേഷൻ വാങ്ങാത്ത കാർഡുകൾ ആദ്യം മരവിപ്പിക്കും. തുടർന്ന് മൂന്ന് മാസത്തിനകം കാർഡിലെ മുഴുവൻ അംഗങ്ങളും ഇ-കെവൈസി പൂർത്തിയാക്കിയാൽ മാത്രമേ റേഷൻ വിതരണം പുനരാരംഭിക്കൂ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഒന്നിലധികം റേഷൻ കാർഡുകളിൽ ഒരേ വ്യക്തി ഉൾപ്പെട്ടിട്ടുണ്ടോ എന്നും സ്മാർട്ട് പിഡിഎസ് വഴി പരിശോധിക്കും. ഇത്തരത്തിൽ കണ്ടെത്തുന്ന ഗുണഭോക്താക്കളുടെ കാർഡുകളും മരവിപ്പിക്കും. മൂന്ന് മാസത്തിനകം ഇ-കെവൈസി പൂർത്തിയാക്കി നിലനിർത്തേണ്ട റേഷൻ കാർഡ് നിശ്ചയിക്കുകയും മറ്റ് കാർഡുകളിൽനിന്ന് പേര് ഒഴിവാക്കുകയും വേണം.

സ്മാർട്ട് പിഡിഎസിന്റെ ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് വിഭാഗങ്ങളിലെ മുൻഗണനാ കാർഡുകളിൽ ആറ് മാസമായി റേഷൻ വാങ്ങാത്തവർക്കെതിരെയാകും കർശന നടപടി. കേരളത്തിൽ ഇത്തരം ഏകദേശം 45,000 കാർഡുകളും 66,000 ഗുണഭോക്താക്കളുമുണ്ടെന്നാണ് പ്രാഥമിക വിവരം. അതേസമയം, നീല, വെള്ള, ബ്രൗൺ വിഭാഗങ്ങളിലെ മുൻഗണനേതര കാർഡുകളിൽ ആറ് മാസത്തിലേറെയായി റേഷൻ വാങ്ങാത്ത 5.6 ലക്ഷത്തിലേറെ കാർഡുകളും 15 ലക്ഷത്തിലേറെ ഗുണഭോക്താക്കളുമുണ്ടെന്നാണ് കണക്ക്.

Related Articles

Back to top button