ജയിലിലെത്തി മണിക്കൂറുകൾക്കകം മുൻ എഡിജിപി ടോമിൻ തച്ചങ്കരിക്ക്…

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ മുൻ എഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി അദ്ദേഹം അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് ഉടൻ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയത്. ശിക്ഷാവിധി വന്ന വ്യാഴാഴ്ച രാത്രിയോടെയാണ് തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ ജയിൽ ഡോക്ടർ എത്തി അദ്ദേഹത്തെ പരിശോധിക്കും. പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുക.

ജയിലിലെ ആശുപത്രി വാർഡിൽ തന്നെ ചികിത്സ തുടരണമോ, ജനറൽ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജിലേക്കോ മാറ്റണമോ എന്നതും ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും തീരുമാനിക്കുക. നിലവിൽ തച്ചങ്കരി ആശുപത്രി ബ്ലോക്കിൽ തുടരുകയാണ്. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജയിൽവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ കഴിഞ്ഞ ദിവസം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോൾ തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് തച്ചങ്കരി അറിയിച്ചിരുന്നു. ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞിരുന്നു.

Related Articles

Back to top button