ഏകദിന ടീമില്‍ നിന്ന് പുറത്തായ റിഷഭ് പന്തിന് പുതിയ ചുമതല നല്കി ബിസിസിഐ…

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ച് സെലക്ഷൻ കമ്മിറ്റി. സർഫറാസ് ഖാനാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബർ 1 മുതൽ 5 വരെ ശ്രീനഗറിലെ ഷേർ-ഇ-കാശ്മീർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 2025-26 സീസണിലെ രഞ്ജി ട്രോഫി കിരീടം നേടി ചരിത്രം കുറിച്ച ജമ്മു കശ്മീരാണ് ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ എതിരാളികൾ.
കഴിഞ്ഞ രഞ്ജി സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത യുവതാരങ്ങൾക്ക് റെസ്റ്റ് ഓഫ് ഇന്ത്യ സ്ക്വാഡിൽ അവസരം ലഭിച്ചിട്ടുണ്ട്. ടൂർണമെന്റിലെ ഉയർന്ന റൺവേട്ടക്കാരായ ആർ സ്മരൺ (950 റൺസ്), ആയുഷ് ദോസേജ (949 റൺസ്) എന്നിവർ ടീമിൽ ഇടംനേടി. സനത് സംഗ്വാൻ, സുദീപ് കുമാർ ഗരാമി എന്നിവരാണ് മറ്റ് പ്രധാന ബാറ്റർമാർ.



