ഓൺലൈൻ ഷോപ്പിങ് ഇനി പഴയതുപോലെയാകില്ല; കേന്ദ്രത്തിന്റെ ഇടപെടൽ, വരുന്നത് വൻ മാറ്റങ്ങൾ

ഓൺലൈൻ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് നിർണായക മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉൽപ്പന്നങ്ങളുടെ വില, ഡിസ്‍കൌണ്ട്, സെർച്ച് ഫലങ്ങൾ, സ്പോൺസേർഡ് ലിസ്റ്റിങ്ങുകൾ, ഉപഭോക്തൃ പരാതികൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനാണ് പുതിയ നിയമഭേദഗതികൾ.
ഉപഭോക്തൃകാര്യ വകുപ്പ് ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്സ്) ചട്ടങ്ങൾ, 2020 കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. പുതിയ ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഓൺലൈൻ വിപണന മേഖലയെ കൂടുതൽ സുതാര്യവും സന്തുലിതവുമായ രീതിയിൽ നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഭേദഗതികളെന്ന് സർക്കാർ വ്യക്തമാക്കി.




