മണ്ണിടിച്ചിൽ.. രണ്ട് വീടുകൾ തകർന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോർട്ട്

സിക്കിമിൽ മണ്ണിടിച്ചിൽ. പടിഞ്ഞാറൻ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ മണ്ണിടിച്ചിലുണ്ടായത്. രണ്ട് വീടുകൾ തകർന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് വലിയ പാറകൾ വീണുകിടക്കുന്നതാണ് ഗതാഗതം തടസപ്പെടാൻ കാരണം. ആളപായമില്ല. സിക്കിമിൽ കനത്ത മഴ തുടരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. യുക്സോം-താഷിഡിംഗ് മേഖലയിൽ റിംബിയെയും ഖേചുപെരിയെയും ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതം പൂർണമായി തടസപ്പെട്ടിട്ടുണ്ട്. റോഡിനിരുവശത്തുമുള്ള ദുർബല പ്രദേശങ്ങളിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായേക്കാമെന്നും മഴയ്ക്ക് ശമനമില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിൽക്കാതെ പെയ്യുന്ന മഴയാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു. സിക്കിമിലും ഡാർജിലിങിലും മൊബൈൽ കണക്ടിവിറ്റിക്ക് ഉൾപ്പെടെ വലിയ തോതിൽ തടസം നേരിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകട സാധ്യത മേഖലയിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്. ജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്. സിക്കിമിലെ വിവിധ റോഡുകൾ പൂർണമായോ ഭാഗികമായോ തകർന്നതായും റിപ്പോർട്ടുകളുണ്ട്. റോഡിലേക്ക് വീണ പാറക്കല്ലുകളും മറ്റ് അവശിഷ്ടങ്ങളും പൂർണമായി നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല.

Back to top button