മൊഴി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലയ്ക്കെടുക്കില്ല….

കൊച്ചി: മുഹമ്മദ് റിയാസിനെതിരായ മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹസൻ വാരിസ് നൽകിയ സത്യവാങ്മൂലം മുഖവിലയ്ക്കെടുക്കില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായാണ് സത്യവാങ്മൂലത്തെ ഇ.ഡി. വിലയിരുത്തുന്നത്. ചോദ്യം ചെയ്യൽ പൂർണമായും നിയമപരമായ രീതിയിലാണ് നടന്നതെന്നും ഇ.ഡി. വ്യക്തമാക്കി. ഇ.ഡി. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നെങ്കിൽ വാരിസിന് പൊലീസിനെ സമീപിക്കാമായിരുന്നുവെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
കോടതിയിൽ കേസ് എത്തുമ്പോൾ നേരത്തെ നൽകിയ മൊഴി പിൻവലിച്ചെന്ന് കാണിക്കുന്നതിനായി ഇത്തരം സത്യവാങ്മൂലങ്ങൾ നൽകാറുണ്ടെന്നും ഇ.ഡി. പറയുന്നു. ഇ.ഡിക്ക് ഒപ്പിട്ട് നൽകുന്ന മൊഴിക്ക് തെളിവുമൂല്യമുണ്ടെന്നാണ് ഏജൻസിയുടെ നിലപാട്. മൊഴി നൽകിയ വ്യക്തിക്ക് അത് പിൻവലിക്കണമെന്നാവശ്യപ്പെടാൻ കഴിയുമെങ്കിലും ഇ.ഡിക്ക് നേരിട്ട് മൊഴി പിൻവലിക്കാൻ കഴിയില്ല. മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹസൻ വാരിസ് നൽകിയ കത്ത് കോടതിയിൽ ഹാജരാക്കുമെന്നും ഇ.ഡി. വ്യക്തമാക്കി. ഇതിനിടെ, ഇ.ഡി. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് റിയാസിനെതിരെ മൊഴി നൽകിയതെന്നാണ് ഹസൻ വാരിസ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്. മകളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സമ്മർദ്ദം ചെലുത്തിയാണ് മൊഴിയിൽ ഒപ്പിടിച്ചതെന്നും വാരിസ് പറയുന്നു. ഓഗസ്റ്റ് 18ന് നൽകിയ മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 20നാണ് സത്യവാങ്മൂലം നൽകിയതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം 18ന് കോഴിക്കോട് ഹസൻ വാരിസിന്റെ വീട്ടിൽ ഇ.ഡി. പരിശോധന നടത്തിയിരുന്നു. റിയാസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ദുബായിലേക്കുള്ള പണമൊഴുക്കും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന. റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരിസ് ഉൾപ്പെടെയുള്ളവരുടെ മൊഴികൾ അന്വേഷണത്തിൽ പ്രധാനപ്പെട്ടതാണെന്നാണ് ഇ.ഡിയുടെ നിലപാട്. അതേസമയം, ഇ.ഡി.യുടെ ആരോപണങ്ങൾ മുഹമ്മദ് റിയാസ് തള്ളിയിട്ടുണ്ട്. ഹസൻ വാരിസിനെ ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരെ മൊഴി നൽകിച്ചതെന്ന് റിയാസ് ആരോപിച്ചു. ഇ.ഡി. അന്വേഷണം സംബന്ധിച്ച റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്നും നിയമപരമായി പോരാടുമെന്നും റിയാസ് പ്രതികരിച്ചു.



