മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്… ജിഎസ്ടി റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ പുറത്ത്. 25 കോടി 78 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടന്നെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സ്പോൺസറിൽ നിന്ന് നികുതി ഈടാക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉന്നതങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും ജിഎസ്ടി ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണർ വരെ വിഷയത്തിൽ ഇടപെട്ടെന്നും റിപ്പോർട്ടിലുണ്ട്. വീഴ്ചകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും ജിഎസ്ടി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ സംശയകരമായ മൗനം പാലിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നികുതി അടിയന്തരമായി ഈടാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തിട്ടുണ്ട്. അന്വേഷണം മറ്റൊരു യൂണിറ്റിലേക്ക് അടിയന്തരമായി മാറ്റണമെന്നും എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ബാഹ്യ സമ്മർദങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കണമെന്നാണ് നിർദേശം. അതേസമയം, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അക്കൗണ്ടിലെത്തിയ പണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. രണ്ട് ധനകാര്യ സ്ഥാപനങ്ങൾ പണം നൽകിയതിലും സംശയമുണ്ടെന്നാണ് ജിഎസ്ടി പ്രത്യേക സംഘത്തിന്റെ കണ്ടെത്തൽ.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ജിഎസ്ടിക്ക് നൽകിയ വിവരങ്ങളിലും പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതിനിടെ, മെസ്സി വിവാദവുമായി ബന്ധപ്പെട്ട തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. എസ്ഐടിയിൽ 15 ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടുകൾ ഇതിനകം സംഘത്തിന് കൈമാറിയിട്ടുണ്ട്. കൂടുതൽ റിപ്പോർട്ടുകളും രേഖകളും ഉടൻ അന്വേഷണ സംഘത്തിന് കൈമാറും. നികുതി വെട്ടിപ്പ്, സാമ്പത്തിക ഇടപാടുകളിലെ സംശയങ്ങൾ, ഉദ്യോഗസ്ഥരുടെ വീഴ്ച, ബാഹ്യ ഇടപെടലുകൾ എന്നിവ ഉൾപ്പെടെ വിവിധ തലങ്ങളിലാണ് ഇനി അന്വേഷണം പുരോഗമിക്കുക.



