ഓൺലൈനായി ആൻഡ്രോയിഡ് ഉപകരണം ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ചാണകം!

ഉത്തർപ്രദേശിൽ ഗ്രേറ്റർ നോയിഡ സ്വദേശിയായ ഒരാൾക്ക് ഓൺലൈൻ ഷോപ്പിംഗിനിടെ ദുരനുഭവം നേരിട്ടു. ഓൺലൈനായി ആൻഡ്രോയിഡ് ഉപകരണം ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ചാണകം. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു ഓൺലൈൻ വെബ്സൈറ്റ് വഴി 1,999 രൂപ വിലയുള്ള ആൻഡ്രോയിഡ് ഉപകരണം ഓർഡർ ചെയ്യുകയായിരുന്നു. എന്നാൽ കൈയിൽകിട്ടിയ പാഴ്‌സലിൽ ചാണകവും.
ഗ്രേറ്റർ നോയിഡയിലെ ദൻകൗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഓൺലൈൻ തട്ടിപ്പിനിരയായതായി പരാതി. ദൻകൗർ സ്വദേശിയായ ആകാശ് നഗറാണ് പരാതിക്കാരൻ. ഉപകരണത്തിനുള്ള മുഴുവൻ തുകയും ഓൺലൈനായി അടയ്ക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കൊറിയർ വഴി പാഴ്‌സൽ വീട്ടിലെത്തി. പാഴ്‌സൽ തുറന്നപ്പോഴാണ് ആകാശ് ഞെട്ടിയത്. ഓർഡർ ചെയ്ത ആൻഡ്രോയിഡ് ഉപകരണത്തിന് പകരം പാഴ്‌സലിനുള്ളിൽ നിറച്ചിരുന്നത് ചാണകമായിരുന്നു.
താൻ ഓൺലൈൻ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ ആകാശ് ഉടൻ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഓർഡർ ചെയ്ത വെബ്‌സൈറ്റിന്റെ വിശ്വാസ്യത, പണമിടപാടിന്റെ വിശദാംശങ്ങൾ, കൊറിയർ വിതരണ ശൃംഖല എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വിശ്വസ്തരായ കമ്പനികളെയും ഔദ്യോഗിക വെബ്‌സൈറ്റുകളെയും മാത്രം ആശ്രയിക്കാനും, തേർഡ്-പാർട്ടി വിൽപ്പനക്കാരുടെ കാര്യത്തിൽ ജാഗ്രത പാലിക്കാനും, ഓൺലൈൻ ഇടപാടുകൾ പൂർത്തിയാക്കുന്നതിന് മുൻപ് വിൽപ്പനക്കാരുടെ വിശ്വാസ്യതയും പണമിടപാടുകളുടെ സുരക്ഷയും കൃത്യമായി പരിശോധിക്കാനും സൈബർ സുരക്ഷാ വിദഗ്ധർ ഉപഭോക്താക്കളെ ഉപദേശിക്കുന്നു.




