ഖർഗെയെ അപമാനിച്ചെന്ന പരാതി… രാഷ്ട്രപതിയുടെ ഇടപെടൽ തേടി…

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതിയിൽ നിയമനടപടി കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പാർലമെന്റിൽ മന്ത്രിമാർ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട 32 കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഇടപെടൽ തേടുന്നത്.
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഖർഗെ പങ്കെടുത്ത പൊതുറാലിക്ക് പിന്നാലെ വേദിയിൽ ‘ശുദ്ധീകരണ യജ്ഞം’ നടത്തിയതാണ് വിവാദമായത്. ഓഗസ്റ്റ് എട്ടിന് ഖർഗെ റാംലീല മൈതാനിയിൽ റാലിയിൽ പങ്കെടുത്തതിന് പിന്നാലെ ഓഗസ്റ്റ് 11നാണ് ശുദ്ധീകരണ ചടങ്ങ് നടന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കോൺഗ്രസ് കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. അതേസമയം, സംഭവം ജാതീയ വിവേചനത്തിന്റെ ഭാഗമാണെന്ന ആരോപണം ചടങ്ങിന്റെ സംഘാടകർ നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ പരിപാടിക്ക് ശേഷം വേദിയിൽ ഉണ്ടായ മാലിന്യം നീക്കുന്നതിനും വേദി ശുദ്ധീകരിക്കുന്നതിനുമാണ് യജ്ഞം നടത്തിയതെന്നാണ് അവരുടെ വിശദീകരണം. സംഭവത്തിൽ ഉത്തരാഖണ്ഡിലും ബെംഗളൂരുവിലുമായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ വിധാൻ സൗധ പൊലീസ് ഉത്തരാഖണ്ഡ് ബിജെപി നേതാക്കളും മറ്റുള്ളവരും ഉൾപ്പെട്ട കേസിൽ സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചുവരികയാണെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. ഖർഗെയുടെ നേതൃത്വത്തിലുള്ള റാലിക്ക് ശേഷം നടന്ന സംഭവത്തിൽ കർശന നടപടി വേണമെന്നാണ് കോൺഗ്രസ് എംപിമാരുടെ ആവശ്യം. വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടലിലൂടെ നീതി ഉറപ്പാക്കണമെന്നാണ് എംപിമാർ ആവശ്യപ്പെടുന്നത്.



