മർദനക്കേസ് പിൻവലിക്കാൻ കള്ളക്കേസ്…. ചന്തേര പൊലീസിനെതിരെ…

കാസർകോട്: ചന്തേര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവും കുടുംബവും. യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതികൾക്ക് അനുകൂലമായി പൊലീസ് ഇടപെട്ടെന്നാണ് കുടുംബത്തിന്റെ പരാതി. ഇൻസ്റ്റഗ്രാമിൽ കമന്റിട്ടതിന്റെ പേരിൽ കാസർകോട് കൊക്കാകടവ് സ്വദേശി ഷിനാസിനെ സംഘം ചേർന്ന് മർദിച്ചെന്നാണ് പരാതി. ഉറങ്ങിക്കിടന്നിരുന്ന ഷിനാസിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദിച്ചെന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയുടെ പരാതിയിൽ ഷിനാസിനെതിരെയും കേസെടുത്തു. മർദനക്കേസ് പിൻവലിപ്പിക്കുന്നതിനായി പൊലീസ് കള്ളക്കേസ് ചുമത്തിയെന്നാണ് ഷിനാസിന്റെ കുടുംബത്തിന്റെ ആരോപണം. രാത്രിയിലാണ് ഷിനാസിന് മർദനമേറ്റതെന്നാണ് കുടുംബം പറയുന്നത്. എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സംഭവം ഉച്ചസമയത്താണ് നടന്നതെന്ന് രേഖപ്പെടുത്തിയിരിക്കുന്നതായും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ചന്തേര പൊലീസിന്റെ നടപടിക്കെതിരെ കുടുംബം ഡിജിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. പൊലീസ് നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. അതേസമയം, യുവാവിനെ മർദിച്ച സംഭവത്തിലും ഷിനാസിനെതിരെ രജിസ്റ്റർ ചെയ്ത കേസിലും പൊലീസ് അന്വേഷണം തുടരുകയാണ്. കുടുംബത്തിന്റെ ആരോപണങ്ങളിൽ പൊലീസ് വിശദീകരണം പുറത്തുവന്നിട്ടില്ല.




