‘സിപിഐഎമ്മിൽ ശുദ്ധീകരണം വേണം’…. പി. ജയരാജൻ

കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. അണികളുടെ അഭിപ്രായം കേട്ട് തിരുത്തൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വാധീനത്തിൽ ഇടതുപക്ഷം എന്തുകൊണ്ട് പിന്നിലായെന്ന് പരിശോധിക്കണമെന്നും രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിൽ പോരായ്മകളുണ്ടായെന്നും പി. ജയരാജൻ വ്യക്തമാക്കി.

സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റിലായിരുന്നു പി. ജയരാജന്റെ പ്രതികരണം. തെറ്റുകൾ തിരുത്തി ഇടതുപക്ഷം തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവർ പാർട്ടിയിൽനിന്ന് അകന്നുപോയ സാഹചര്യം സിപിഐഎം ഗൗരവമായി പരിശോധിക്കണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിൽ പറയേണ്ടിയിരുന്ന പ്രശ്നങ്ങൾ അവിടെത്തന്നെ ഉന്നയിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിന് പകരം സിപിഐഎം വിരുദ്ധരുടെ കൂടെ ചേർന്ന് പാർട്ടിയെ ആക്രമിക്കുകയാണ് ചെയ്തതെന്നും പി. ജയരാജൻ ആരോപിച്ചു. അവരുടേത് താൽക്കാലിക വിജയം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിപിഐഎം നേതാവ് കെ.കെ. രാഗേഷിനെതിരായ സൈബർ ആക്രമണത്തെയും പി. ജയരാജൻ വിമർശിച്ചു. ഇത്തരം സൈബർ ആക്രമണങ്ങൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിലെ സംഘടനാ പ്രവർത്തനത്തിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടതുണ്ടെന്ന നിലപാടാണ് പി. ജയരാജൻ മുന്നോട്ടുവച്ചത്.

Related Articles

Back to top button