ചേവായൂരിൽ കാർ കത്തിയ സംഭവം…. നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വ്യാപാരി മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇറക്കത്തിലൂടെ കുറഞ്ഞ വേഗത്തിൽ എത്തിയ കാർ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സമീപത്തെ ഫാക്ടറിയിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവത്തിൽ നേരത്തെ തന്നെ ദുരൂഹത നിലനിന്നിരുന്നു. മതിലിൽ ഇടിച്ച ആഘാതത്തിൽ കാറിന് തീപിടിച്ചതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാൽ, സമീപത്തുനിന്ന് അഞ്ച് ലിറ്ററിന്റെ പെട്രോൾ കന്നാസ് കണ്ടെത്തിയതും മറ്റ് സാഹചര്യങ്ങളും സംശയങ്ങൾ വർധിപ്പിച്ചു. ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ സംഭവം സ്വാഭാവിക അപകടമാകാനുള്ള സാധ്യതയിൽ പൊലീസിന് സംശയമുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതടക്കമുള്ള സാധ്യതകൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി. സുധാകരനാണ് കാറിനുള്ളിൽ വെന്തുമരിച്ചത്. ബിസിനസ് ആവശ്യത്തിനായി കൊയിലാണ്ടിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സുധാകരൻ വീട്ടിൽനിന്ന് ഇറങ്ങിയത്. അപകടവിവരമറിഞ്ഞ് പ്രദേശവാസികൾ സ്ഥലത്തെത്തുമ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. അപ്പോഴേക്കും സുധാകരൻ മരിച്ചിരുന്നു. മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറൻസിക്, ഫിംഗർപ്രിന്റ്, ഡോഗ് സ്‌ക്വാഡ് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കാറിന് തീപിടിക്കാനിടയായ സാഹചര്യം ഉൾപ്പെടെ വിശദമായി പരിശോധിച്ചുവരികയാണ് പൊലീസ്.

Related Articles

Back to top button