ബംഗളൂരുവിലേക്ക് ദൂരം കുറഞ്ഞ വഴി; പഴശ്ശിരാജ ചുരമില്ലാപാതയ്ക്ക്..

വയനാട്ടിലേക്കുള്ള ബദൽ പാതയായി നിർദേശിക്കപ്പെട്ട പഴശ്ശിരാജ ചുരമില്ലാപാത പദ്ധതിയുടെ സാധ്യതകൾ റവന്യൂ മന്ത്രി എ.പി അനിൽകുമാറിന് മുന്നിൽ വിശദീകരിച്ച് ജനകീയ കൂട്ടായ്മ ഭാരവാഹികൾ. കോഴിക്കോട് ചാലപ്പുറം സിറ്റി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചാണ് സംഘം മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്.
നാദാപുരം സംസ്ഥാനപാതയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള വിലങ്ങാട് നിന്ന് തുടങ്ങി വയനാട് നിരവിൽപ്പുഴ സംസ്ഥാന പാതയിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള കുഞ്ഞോത്തുമായി ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട പാത. 6.25 കിലോമീറ്റർ മാത്രം നീളത്തിൽ വനത്തിലൂടെ നിർമിക്കാവുന്ന ഈ ആകാശപ്പാത യാഥാർഥ്യമായാൽ വടകര, തലശ്ശേരി ഭാഗങ്ങളിൽ നിന്ന് ചുരമില്ലാതെ ബംഗളൂരുവിലേക്ക് സഞ്ചരിക്കാവുന്ന ഏറ്റവും ദൂരം കുറഞ്ഞ വഴിയായി ഇത് മാറും.
പദ്ധതി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുമ്പോൾ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഉറപ്പുനൽകി. വയനാട്ടിലേക്കുള്ള പുതിയ ബദൽ പാതയ്ക്കായി മുന്നിട്ടിറങ്ങിയ ജനകീയ കൂട്ടായ്മയുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ എംഎൽഎ, അഡ്വ. പി.എം നിയാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഖത്തർ ഇൻകാസ് പ്രസിഡന്റ് കെ.കെ ഉസ്മാന്റെ നേതൃത്വത്തിൽ പഴശ്ശിരാജ ചുരമില്ലാപാത ആൻഡ് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രതിനിധികളായ ഷൗക്കത്ത് അലി എരോത്ത്, ജോണി മുല്ലക്കുന്നേൽ, ഔസേപ്പച്ചൻ മണിമല, ഡോ. ഹുഷിയാർ പുതുക്കയം എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ടത്.



