കുറ്റം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് ബൂട്ടിട്ട കാലു കൊണ്ട് ചവിട്ടി; 15 വർഷങ്ങൾക്ക് ശേഷം..

കല്ലാച്ചി സ്വദേശിയായ യുവാവിനെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ 15 വർഷങ്ങൾക്ക് ശേഷം അന്നത്തെ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി. കല്ലാച്ചി പയന്തോങ്ങിലെ വലിയപറമ്പത്ത് രാഗേഷ്(39) നൽകിയ പരാതിയിലാണ് ഹൈക്കോടതി നിർദേശപ്രകാരം നാദാപുരം മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. ഇദ്ദേഹത്തോട് കോടതിയിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 2011-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാദാപുരം പോലീസ് സ്‌റ്റേഷനിലെ സിഐ ആയിരുന്ന ഉദയഭാനുവിനെതിരെയാണ് നടപടി. കല്ലാച്ചിയിൽ നിന്ന് വില്യാപ്പള്ളിയിലേക്ക് ബൈക്കിൽ പോവുകയായിരുന്ന രാഗേഷിനെ നാദാപുരത്ത് വെച്ച് ഉദയഭാനു കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ കുറ്റം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് രണ്ട് ദിവസം കസ്റ്റഡിയിൽ വെച്ചു. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ശേഷം കേസിൽ പ്രതി ചേർത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്‌തെന്നായിരുന്നു രാഗേഷിന്റെ പരാതി. അടുത്ത ദിവസം തന്നെ നാദാപുരം മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയെങ്കിലും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിയെ സമീപിക്കാൻ ആവശ്യപ്പെട്ട് പരാതി തള്ളുകയായിരുന്നു. ഇതേത്തുടർന്നാണ് രാഗേഷ് ഹൈക്കോടതിയെ സമീപിച്ചത്. ലോക്കപ്പ് മർദന പരാതി ആയിരുന്നിട്ടും സ്വീകരിക്കാതിരുന്ന മജിസ്‌ട്രേറ്റ് കോടതിയെ വിമർശിച്ച ഹൈക്കോടതി നാദാപുരം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ധ് ചെയ്തു കൊണ്ട് കേസ് വീണ്ടും പരിഗണിക്കണമെന്ന് നിർദേശിക്കുകയായിരുന്നു. ഉദയഭാനു നിലവിൽ സർവീസിൽ നിന്നും റിട്ടയർ ചെയ്തിട്ടുണ്ട്.

Related Articles

Back to top button