ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് ഉദിത് രാജ്..

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുയോഗത്തിന് പിന്നാലെ ‘ശുദ്ധീകരണ ചടങ്ങ്’ നടത്തിയതിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാവും ഓൾ ഇന്ത്യ അൺഓർഗനൈസ്ഡ് വർക്കേഴ്‌സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസിന്റെ (കെ.കെ.സി.) ദേശീയ ചെയർമാനുമായ ഡോ. ഉദിത് രാജിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി കേശവ് കുഞ്ചിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ.എസ്.എസ്) ഡൽഹി ആസ്ഥാനത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരത്തെത്തുടർന്ന് ആണ് നടപടി.

കോൺഗ്രസ് പ്രവർത്തകരും ഡോമാ പരിസംഘ് കോൺഫെഡറേഷനും സംയുക്തമായാണ് ചൊവ്വാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. ‘മനുസ്മൃതിയിലല്ല, ഇന്ത്യൻ ഭരണഘടനയിലൂന്നിയാണ് രാജ്യം മുന്നോട്ട് പോകേണ്ടത്’ എന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. ആർ.എസ്.എസ്. ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ മനുസ്മൃതിയുടെ പകർപ്പുകളും ആർ.എസ്.എസിന്റെ പ്രതീകാത്മക യൂണിഫോമുകളും കത്തിച്ചു.

ജാതി അസമത്വത്തിനെതിരെ 1927-ൽ ഡോ. ബി.ആർ. അംബേദ്കർ മനുസ്മൃതി കത്തിച്ചതിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് തങ്ങൾ ഈ പ്രതിഷേധം നടത്തിയതെന്ന് ഉദിത് രാജ് പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയിലെ കാലഹരണപ്പെട്ട നിയമങ്ങൾ നടപ്പിലാക്കാനാണ് ആർ.എസ്.എസും ഭരണകൂടവും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഖാർഗെയുടെ യോഗത്തിന് ശേഷം നടന്ന ശുദ്ധീകരണ ചടങ്ങ്, ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നു എന്നതിന്റെ തെളിവാണെന്നും ദളിത് സമൂഹത്തോടും ജനാധിപത്യ സംവിധാനത്തോടും ഉള്ള ഈ അപമാനം വെച്ചുപൊറുപ്പിക്കില്ലെന്നും ഉദിത് രാജ് കൂട്ടിച്ചേർത്തു. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ആർ.എസ്.എസ് ആസ്ഥാനത്തിന് പോലീസ് കൂടുതൽ സുരക്ഷ ഏർപ്പെടുത്തുകയും ഉദിത് രാജിനെയും മറ്റ് പ്രവർത്തകരെയും പഹാഡ്ഗഞ്ച് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

Related Articles

Back to top button