സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന

എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ കർശന പരിശോധന. നഗരത്തിൽ ചില സ്വകാര്യ ബസ് ഡ്രൈവർമാരുടെ പൊതുജനങ്ങളോടുള്ള മോശമായ പെരുമാറ്റവും ഡ്രൈവർമാരുടെ അനാസ്ഥയും അപകടകരമായ ഡ്രൈവിങും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക ഡ്രൈവിൽ ഒട്ടേറെ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയും 1,21,250 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. നഗരത്തിലെ പ്രധാന മേഖലകൾ കേന്ദ്രീകരിച്ച് നാല് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു മോട്ടോർ വാഹന വകുപ്പിൻ്റെ മിന്നൽ പരിശോധന.
ആലുവ, കളമശ്ശേരി, ചിറ്റൂർ, മാമംഗലം, കച്ചേരിപ്പടി, കോമ്പാറ, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, പനമ്പിള്ളി നഗർ, തൃപ്പൂണിത്തുറ എന്നീ മേഖലകളിലാണ് പരിശോധന നടത്തിയത്. ആകെ 110 വാഹനങ്ങൾ പരിശോധിച്ചതിൽ 81 വാഹനങ്ങൾക്കെതിരെ ഇ-ചെലാൻ വഴി കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘനം നടത്തിയ വാഹനങ്ങളിൽ നിന്നായി ആകെ 1,21,250 രൂപ പിഴ ഈടാക്കി.
റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തിയ വാഹനങ്ങൾ, സാധുതയുള്ള ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച ഡ്രൈവർമാർ, ഔദ്യോഗിക കണ്ടക്ടർ ലൈസൻസ് ഇല്ലാതെ ബസുകളിൽ ജോലി ചെയ്ത ജീവനക്കാർ, ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും ഉറക്കെ പാട്ട് വെച്ച് മ്യൂസിക് സിസ്റ്റങ്ങൾ പ്രവർത്തിപ്പിച്ച ബസുകൾ എന്നിവയ്ക്കെതിരെയാണ് നടപടി. റോഡിന് നടുവിൽ നിർത്തി പൊതുജനങ്ങൾക്കു മാർഗ തടസം സൃഷ്ടിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു. പെഡസ്ട്രിയൻ ക്രോസിങുകളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകാതെ അലക്ഷ്യമായി ബസ് മുന്നോട്ട് എടുക്കുന്നതിനെതിരെയും നടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പരിശോധന കൂടുതൽ കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.



