വെട്ടത്തൂരിൽ സഹോദരങ്ങളുടെ മരണം… കോഴിഫാം ഉടമയും ജീവനക്കാരനും…

മലപ്പുറം വെട്ടത്തൂരിൽ കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിഫാം ജീവനക്കാരനായ അസം സ്വദേശി സിറാജുദ്ദീനും ഫാം ഉടമ സമീറുമാണ് പൊലീസിന്റെ പിടിയിലായത്. കോഴിഫാമിൽ അനധികൃതമായാണ് വൈദ്യുതി ലൈൻ സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ 26-ാം തീയതി രാവിലെ 11 മണിയോടെയാണ് കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ ദാരുണമായ അപകടമുണ്ടായത്. എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. കോഴിഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെയാണ് ഇരുവർക്കും ഷോക്കേറ്റത്. സംഭവത്തിൽ പൊലീസും ബന്ധപ്പെട്ട അധികൃതരും അന്വേഷണം നടത്തിയതോടെയാണ് ഫാമിൽ വൈദ്യുതി ലൈൻ അനധികൃതമായി സ്ഥാപിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ അറസ്റ്റിലായവർക്കെതിരെ തുടർനിയമനടപടികൾ സ്വീകരിച്ചുവരികയാണ്.



