കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി. തീരുമാനം വൈകുന്നതിൽ നിഗൂഢതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് സിപിഐയെ കൊണ്ടുവരണമെന്നും അത് മുന്നണിക്ക് ഗുണകരമാകുമെന്നും ഉണ്ണിത്താൻ പറയുന്നു.
കേരളത്തിലെ കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം തുറന്നടിച്ചു. കെപിസിസിക്ക് അടിയുറച്ച നേതൃത്വം വരണം. ഡിസിസി പ്രസിഡൻ്റുമാരെ തെരഞ്ഞെടുത്തിട്ട് അഞ്ചുവർഷം കഴിഞ്ഞു. ജില്ലകളിലും പുതിയ നേതൃത്വം വരണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ജാതി സമവാക്യങ്ങൾ നോക്കി കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് അധാർമികതയാണ്. അതുകൊണ്ട് ഒരു ഗുണവും കോൺഗ്രസിന് കിട്ടാൻ പോകുന്നില്ല. സിപിഐയെ ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് കൊണ്ടുവരണം. അത് മുന്നണിക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.



