മുഖ്യമന്ത്രിയെ അവഹേളിച്ച കേസിൽ ചേന്തി അനിലിനെ….

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞ് അപമര്യാദയായി സംസാരിച്ചെന്ന കേസിൽ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ നാളെ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ നിർദേശം. രാവിലെ 11ന് ഹാജരാക്കാനാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചത്. അനിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് നടപടി. പൊലീസ് സമർപ്പിച്ച പ്രൊഡക്ഷൻ വാറന്റ് അപേക്ഷയിലാണ് കോടതി നിർദേശം നൽകിയത്. നിലവിൽ അനിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്.

അനിലിന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിൽ അനിലിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. നിരവധി കേസുകളിൽ പ്രതിയായ അനിൽ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന മുഖ്യമന്ത്രിയെ പൊതുമധ്യത്തിൽ അവഹേളിച്ച പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ശ്രീകാര്യം എസ്.ഐ നിതിൻ രാജ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ജയന്തി ആഘോഷത്തിന് പോയ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ചേന്തി അനിൽ അപമര്യാദയായി സംസാരിച്ചുവെന്നാണ് കേസ്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button