പട്രോളിങ്ങിനിടെ പൊലീസിന് നേരെ സിറിഞ്ച് ആക്രമണം… മൂന്ന് പേർ…

കോഴിക്കോട്: നഗരത്തിൽ പട്രോളിങ്ങിനിടെ പൊലീസുകാരനെ സിറിഞ്ചുകൊണ്ട് കുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രജത് (38), ബെന്നി ലോയിഡ് (48), നന്ദകുമാർ (25) എന്നിവരെയാണ് കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് മാനാഞ്ചിറ സ്ക്വയറിന് സമീപം സംഭവം. പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട ആറംഗ സംഘത്തിന് സമീപത്തേക്ക് പൊലീസ് വാഹനം എത്തിയതോടെ സംഘത്തിലെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ഇവർ അക്രമാസക്തരാവുകയായിരുന്നു.
ഇതിനിടെയാണ് സംഘത്തിലുണ്ടായിരുന്ന ഒരാൾ മലപ്പുറം എം.എസ്.പി. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദർശിന്റെ വലതുകൈയിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിയത്. തുടർന്ന് സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച പുലർച്ചയോടെ മൂന്ന് പേരെ പിടികൂടിയത്. ആറംഗ സംഘത്തിലെ രണ്ടുപേർ ആദ്യം തന്നെ ഓടി രക്ഷപ്പെട്ടതിനാൽ സ്ഥലത്തുണ്ടായിരുന്ന നാലുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇനി ഒരാളെക്കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.
സംഘത്തിന് ലഹരി ഉപയോഗവുമായോ വിൽപ്പനയുമായോ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.



