ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം….ന്യായീകരിച്ച് കേന്ദ്രമന്ത്രി…..

ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ നടന്ന ‘ശുദ്ധീകരണ’ ചടങ്ങിനെ ന്യായീകരിച്ചും സംഭവത്തിൽ ബി.ജെ.പിക്ക് പങ്കില്ലെന്ന് അവകാശപ്പെട്ടും കേന്ദ്ര സഹമന്ത്രി അജയ് താംത. റാലി നടന്ന ഗ്രൗണ്ട് ഒരു ഹൈന്ദവ സംഘടനയുടെ നിയന്ത്രണത്തിലുള്ളതാണെന്നും പരിപാടിക്കിടെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ അടക്കമുള്ളവർ അനാവശ്യ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് സംഘടന അവിടെ ചടങ്ങുകൾ നടത്തിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഖാർഗെയുടെ റാലിക്കിടെ ഗ്രൗണ്ടിൽ വച്ച് അനാവശ്യമായ മതപരമായ മുദ്രാവാക്യങ്ങൾ ഉയർന്നതായി അജയ് താംത ആരോപിച്ചു. റാലിക്ക് ശേഷം ഗ്രൗണ്ടിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയതിനെ തുടർന്ന്, പതിവായി പൂജകളും യാഗങ്ങളും നടക്കുന്ന ഈ സ്ഥലത്ത് ശുദ്ധീകരണവും ശുചീകരണവും നടത്താൻ അവിടുത്തെ പ്രാദേശിക സംഘടന തീരുമാനിക്കുകയായിരുന്നു. വേദിയിലോ ഗ്രൗണ്ടിലോ നടന്ന ശുദ്ധീകരണത്തിൽ ബി.ജെ.പിക്കോ സംസ്ഥാന സർക്കാരിനോ യാതൊരുവിധ പങ്ക് ഇല്ലെന്ന് അജയ് താംത വ്യക്തമാക്കി. ‘ശ്രീരാം സേന ധാർമിക് സേവാ ട്രസ്റ്റ്’ എന്ന സംഘടനയാണ് ഇതിന് പിന്നിലെന്നും ബി.ജെ.പി ഇത്തരം പ്രവൃത്തികളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button