ഫേസ്ബുക്കിൽ മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ; തൊടുപുഴ ഗ്രേഡ് എസ്ഐ..

ഫേസ്ബുക്കിലൂടെ മതസ്പർധ വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചെന്ന പരാതിയിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. വിജേഷിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മൂന്നാർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി നിർദേശം നൽകി. സോഷ്യൽ മീഡിയയിലൂടെ വിദ്വേഷപരമായ ഉള്ളടക്കങ്ങൾ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് വിജേഷിനെതിരെ നേരത്തെയും നടപടിയെടുത്തിട്ടുണ്ടെന്ന് പോലീസ് അധികൃതർ അറിയിച്ചു.
ഒരു പ്രത്യേക മതവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് വിജേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചതെന്നാണ് ആരോപണം. പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ നടപടി ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വിജേഷിനെ അന്വേഷണവിധേയമായി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.




