‘ടോക്സിക്’ സിനിമയ്ക്ക് പിന്നിൽ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങൾ വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ തിയറ്ററുകളിലെത്തിയതിന് പിന്നാലെ ഉയരുന്ന വിമർശനങ്ങൾക്കിടെ ചിത്രവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി മുതിർന്ന സിനിമാപ്രവർത്തകൻ ആലപ്പി അഷ്റഫ്. ഗീതു മോഹൻദാസിനെ പൂർണമായും ഒഴിവാക്കി നിർമാതാക്കളും വിതരണക്കാരും ചേർന്ന് ചിത്രത്തിൽ വലിയ രീതിയിൽ ഇടപെട്ടെന്നും, മറ്റൊരാളെ ഉപയോഗിച്ച് ചില ഭാഗങ്ങൾ വീണ്ടും ചിത്രീകരിച്ചെന്നുമാണ് ആലപ്പി അഷ്റഫ് ആരോപിക്കുന്നത്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ അണിയറയിൽ നടന്നതായി പറയുന്ന കാര്യങ്ങൾ അദ്ദേഹം പുറത്തുവിട്ടത്. 500 കോടിയിലേറെ രൂപ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് തിയറ്ററുകളിലെത്തിയതിന് പിന്നാലെ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾക്കു പകരം വലിയ വിമർശനങ്ങളാണ് നേരിടേണ്ടിവരുന്നത്.

എന്നാൽ ഇപ്പോൾ കാണുന്ന സിനിമ ഗീതു മോഹൻദാസ് ആദ്യം വിഭാവനം ചെയ്ത് ഒരുക്കിയ ചിത്രമല്ലെന്നാണ് ആലപ്പി അഷ്റഫിന്റെ വാദം. ചിത്രത്തിന്റെ ബിസിനസ് സാധ്യതകളും കലക്ഷനും മുന്നിൽക്കണ്ട് നിർമാതാക്കളും വിതരണക്കാരും ഉൾപ്പെടെയുള്ളവർ അനാവശ്യമായി ഇടപെട്ടതായും അദ്ദേഹം ആരോപിക്കുന്നു.

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ യഥാർഥ സിനിമയിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തിയെന്നും, സംവിധായകയെ ഒറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്തരം ഇടപെടലുകളെന്നും ആലപ്പി അഷ്റഫ് പറയുന്നു. ഇതിന്റെ ഫലമായാണ് ചിത്രത്തിന്റെ നിലവിലെ രൂപം ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

‘ടോക്സിക്’ നേരിടുന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളെക്കുറിച്ചുള്ള ഈ ആരോപണങ്ങളും ചർച്ചയാകുന്നത്. ആലപ്പി അഷ്റഫ് ഉന്നയിച്ച ആരോപണങ്ങളിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം പുറത്തുവന്നിട്ടില്ല.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ:

“അറിവ് നമുക്ക് എവിടെനിന്നും കിട്ടും, എന്നാൽ തിരിച്ചറിവ് കിട്ടുന്നത് നമ്മുടെ സ്വന്തം അനുഭവത്തിൽ നിന്നുമാണ്. ജീവിതത്തിലെ മുറിപ്പാടുകളെ നക്ഷത്ര ചിഹ്നങ്ങൾ ആക്കി മാറ്റുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്. ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ പുറംലോകം അറിയാത്ത പിന്നാമ്പുറ കഥകളിലേക്കും, ഈ ചിത്രവുമായി ബന്ധപ്പെട്ട് ഇതിന്റെ സംവിധായിക ഗീതു മോഹൻദാസിന് അനുഭവിക്കേണ്ടിവന്ന ചില സങ്കടകരമായ അവസ്ഥകളിലേക്കും നമുക്കൊന്ന് കടന്നുചെല്ലാം.

ഒരു മലയാളിയായ നടി സംവിധാനം ചെയ്ത ചിത്രമാണ് ‘ടോക്സിക്’. ഇതൊരു സാധാരണ ചിത്രമല്ല; വിവിധ ഭാഷകളിലായി യാഷ് എന്ന തെന്നിന്ത്യൻ സൂപ്പർ ഹീറോ അഭിനയിച്ച ചിത്രമാണ്. ഇതിന്റെ മുതൽമുടക്കിനെ കുറിച്ച് പറയുകയാണെങ്കിൽ അത് അദ്ഭുതപ്പെടുത്തുന്നതാണ്, 500 കോടിയ്ക്ക് മേലെ എന്നാണ് അവകാശപ്പെടുന്നത്. ഗീതു മോഹൻദാസിനെ കുറിച്ച് പറയുകയാണെങ്കിൽ, മലയാള സിനിമ ചരിത്രത്തിൽ വമ്പൻ സംവിധായകർക്ക് പോലും ലഭിക്കാത്ത ഒരു അവസരമാണ് കൈവന്നുചേർന്നത്. ഈ ചിത്രത്തിന്റെ നിർമാതാവ് തന്നെയാണ് വിജയ്‌യെ വച്ച് ‘ജനനായകൻ’ എന്ന ചിത്രം 400 കോടി രൂപ മുടക്കി നിർമ്മിച്ചത്. ഈ ചിത്രത്തിന്റെ നിർമാതാവ് തന്നെയാണ് പ്രിയദർശന്റെ ഉടൻ റിലീസ് ചെയ്യാൻ പോകുന്ന, ‘ഒപ്പം’ എന്ന ചിത്രത്തിന്റെ റീമേക്കായ ‘ഹൈമാൻ’ നിർമ്മിക്കുന്നതും. മോഹൻലാൽ അഭിനയിച്ച കാഴ്ചപരിമിതിയുള്ള കഥാപാത്രത്തെ അതിൽ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനാണ്. അങ്ങനെ പണം വാരി ചെലവാക്കുന്ന, പതിനായിരക്കണക്കിന് കോടികളുടെ ആസ്തിയുള്ള ഒരു നിർമാതാവാണ് അദ്ദേഹം എന്നാണ് പറഞ്ഞു കേൾക്കുന്നത്.

ഇവിടെ ഗീതു മോഹൻദാസിന് ഇതുപോലുള്ള ഒരു നിർമാതാവിനെയും യാഷ് എന്ന സൂപ്പർ നായകനെയും ഒന്നിച്ചു ലഭിക്കുക എന്നത് ഒരു മഹാസംഭവമാണ്, ഒരു മഹാഭാഗ്യവുമാണ്. കൂടാതെ പടത്തിന്റെ മേൽ യാഷിനുള്ള അമിത വിശ്വാസം മൂലം അദ്ദേഹവും ചിത്രത്തിന്റെ നിർമാണ പങ്കാളിയാവുകയും ചെയ്തു. മാത്രമല്ല, യാഷ് ഗീതുവിനോടൊപ്പം തിരക്കഥാരചനയിലും പങ്കുചേർന്നിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് 2024 ഓഗസ്റ്റിലാണ് ബെംഗളൂരുവിൽ ആരംഭിച്ചത്. നയൻതാര ഉൾപ്പെടെ ഒരു വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാ അഭിനേതാക്കളും വലിയ താരമൂല്യമുള്ളവർ. അങ്ങനെ പണം വാരി ചെലവാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കി. ലോകമെമ്പാടുമായി പന്തീരായിരം സ്ക്രീനുകളിലാണ് പടം റിലീസ് ചെയ്തത്.

എന്നാൽ ചിത്രത്തിന്റെ വിജയം ആഘോഷിക്കേണ്ടതിനു പകരം നിരൂപകർ വലിയ ആഘോഷമാക്കി മാറ്റി പടത്തിനെ പിച്ചിച്ചീന്തി. ചിത്രം ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞു എന്ന് മാത്രമല്ല, ഈ അടുത്ത കാലത്തൊന്നും നിരൂപകർ ഒരിക്കലും ഇത്രത്തോളം ഒരു ചിത്രത്തെ അപമാനിക്കുന്നത് കേട്ടിട്ടില്ല. തമിഴിലെ ചില നിരൂപകരുടെ നിരൂപണം കേട്ടാൽ പെറ്റ തള്ള സഹിക്കില്ല; അത്രത്തോളം അവർ പടത്തെ അപമാനിച്ച് അർമാദിക്കുകയായിരുന്നു. ഗീതു മോഹൻദാസിന്റെ കഥ കേട്ട് നിർമ്മാണ കമ്പനിയും യാഷും എല്ലാം ആ കഥ ഇഷ്ടപ്പെട്ടിട്ടാണല്ലോ ഇതിന്റെ സംവിധാന ചുമതല ഗീതു മോഹൻദാസിനെ ഏൽപ്പിക്കുന്നത്. കൂടാതെ ഗീതുവിനോടൊപ്പം സഹായത്തിനും ക്യാമറ ചലിപ്പിക്കുന്നതിനുമായി സംവിധായികയുടെ ജീവിതപങ്കാളിയായ രാജീവ് രവിയും ഒപ്പമുണ്ട്. സിനിമാറ്റോഗ്രാഫിക്ക് നാഷനൽ അവാർഡ് വാങ്ങിയിട്ടുള്ള വ്യക്തിയും, മലയാളത്തിൽ ‘അന്നയും റസൂലും’, ‘കമ്മട്ടിപ്പാടം’ മുതലായ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളുമാണ് രാജീവ് രവി.

യാഷിന് ഗീതു എന്ന സംവിധായികയിൽ വലിയ പ്രതീക്ഷയും വിശ്വാസവും ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ആ വിശ്വാസപ്രമാണങ്ങൾക്കും പ്രതീക്ഷകൾക്കും റിലീസ് വരെ ആയുസ്സുണ്ടായിരുന്നുള്ളൂ. ഒരു ബ്രഹ്മാണ്ഡ ചിത്രം ചില്ലുകൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ എല്ലാ നിരൂപകരും തിരിഞ്ഞത് ഗീതു മോഹൻദാസ് എന്ന സംവിധായകയ്ക്ക് നേരെയാണ്. അശ്വന്ത് കോക്ക് എന്ന നിരൂപകൻ പറയുന്നത്, സന്തോഷ് പണ്ഡിറ്റ് അഞ്ചു ലക്ഷം രൂപ മുടക്കിയെടുത്ത ‘കൃഷ്ണനും രാധയും’ എന്ന ചിത്രം ഇതിനേക്കാൾ മനോഹരമാണെന്നാണ്! 500 കോടി രൂപ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ സന്തോഷ് പണ്ഡിറ്റ് കോടിക്കണക്കിന് പടങ്ങൾ നിർമ്മിക്കുമായിരുന്നു. ‘വെട്ടം’ എന്ന ചിത്രത്തിൽ ദിലീപ് പറയുന്നതുപോലെ, അത്രയും കാശുണ്ടായിരുന്നെങ്കിൽ എന്തോരം ഏത്തപ്പഴം വാങ്ങി പുഴുങ്ങി തിന്നാമായിരുന്നു എന്നത് ഓർമ വരികയാണ്.

ഇവിടെ സംവിധായകയ്ക്ക് നേരെ ആക്ഷേപവർഷങ്ങൾ ചൊരിയുന്ന മലയാള നിരൂപകരെല്ലാം തന്നെ, ആക്ഷേപത്തോടൊപ്പം കൂട്ടിച്ചേർക്കുന്ന ഒരു പഴയകാല ഓർമക്കുറിപ്പുണ്ട്. ‘കസബ’യിലെ മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധതയുള്ള സീനിനെ കുറിച്ചും, അതിലെ വനിതാ പൊലീസ് ഓഫീസർക്ക് നേരെ പറയുന്ന ഡയലോഗും അവരുടെ അരയിലെ ബെൽറ്റിലൂടെ കൈകടത്തി പിടിക്കുന്ന സീക്വൻസിനെ കുറിച്ചും ആണത്. അന്ന് അത് സ്ത്രീവിരുദ്ധതയാണെന്ന് പാർവതി തിരുവോത്തിനെ കൊണ്ട് പറയിപ്പിച്ചത് ഗീതു മോഹൻദാസ് ആണെന്നുള്ള വാർത്ത നമ്മളൊക്കെ കേട്ടതാണല്ലോ. തന്നെയുമല്ല, അതിന് നിർബന്ധിക്കുന്ന വിഡിയോയും തെളിവായി പുറത്തുവന്നതല്ലേ? അതിന്റെ പേരിൽ പാർവതി തിരുവോത്തിനെ മമ്മൂട്ടി ആരാധകർ എടുത്തിട്ട് അലക്കിയത് നമ്മളെല്ലാം കണ്ടതല്ലേ?

ആ സമയത്ത് പാർവതി തിരുവോത്ത് മലയാള സിനിമയിൽ മിന്നി തിളങ്ങി നിറഞ്ഞാടിക്കൊണ്ടിരിക്കുകയായിരുന്നു. ഇത്തരത്തിൽ ഒരു വിമർശനം മമ്മൂട്ടിക്ക് നേരെ ഉതിർത്തതിന്റെ പേരിൽ അവർക്ക് ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. പാർവതിക്ക് മാനസികമായും തൊഴിൽപരമായും പല ആഘാതങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. മമ്മൂട്ടിക്ക് അങ്ങനെ സ്ഥായിയായ ഒരു പിണക്കം സിനിമാരംഗത്ത് ആരോടും തന്നെയില്ല. അങ്ങനെ അല്ലായിരുന്നുവെങ്കിൽ സിനിമാരംഗത്തെ 50 ശതമാനത്തിലേറെ ആളുകളും മമ്മൂട്ടിയുമായി എന്നും പിണങ്ങി കഴിയേണ്ടി വന്നേനെ. പാർവതിയുടെ കാര്യത്തിൽ മമ്മൂട്ടി തന്നെ ഇടപെട്ട് അതിന് പരിഹാരം കാണുകയും ചെയ്തു. പാർവതി തിരുവോത്തിനെ അദ്ദേഹത്തിന്റെ ‘പുഴു’ എന്ന ചിത്രത്തിൽ സഹകരിപ്പിച്ചതോടുകൂടി മമ്മൂട്ടിയുമായുള്ള പ്രശ്നത്തിന്റെ പേരിൽ നടന്ന ആക്രമണത്തിന് ഫാൻസുകാർ തിരശീലയിട്ടു.

നല്ല നടി എന്ന് മാത്രമല്ല, നല്ല നിലപാടുള്ള ഒരു നടി കൂടിയാണ് പാർവതി തിരുവോത്ത്. അഭിനയമികവ് കൊണ്ട് നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള ഒരു നടിയോട് ആരും നല്ല രീതിയിൽ പെരുമാറുന്നില്ലെന്നും, അതിനുമാത്രം അവർ എന്ത് തെറ്റാണ് ചെയ്തതെന്നും നടി ഉർവശി ഈയിടെ ചോദിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായതാണ്. എന്തായാലും ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ റിലീസോടുകൂടി മമ്മൂട്ടിയെ സ്ത്രീവിരുദ്ധതയുടെ പേരിൽ ആക്ഷേപിച്ചവർക്ക് നല്ല പണി കിട്ടിയിരിക്കുകയാണ്. ‘ടോക്സിക്’ എന്ന ചിത്രത്തിലുടനീളം സെക്സിന്റെ അതിപ്രസരവും സ്ത്രീവിരുദ്ധതയും ഒക്കെയാണെന്നാണ് ആക്ഷേപം.

അശ്വന്ത് കോക്ക് സാധാരണ സിനിമാ നിരൂപണം പറയുമ്പോൾ ആ ചിത്രത്തിലെ കഥാപാത്രത്തെ അനുകരിച്ചുകൊണ്ട് ഫാൻസി ഡ്രസ്സിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഈ പ്രാവശ്യത്തെ ‘ടോക്സിക്’ നിരൂപണത്തിൽ അശ്വന്ത് കോക്ക് തുണിയില്ലാതെ പ്രത്യക്ഷപ്പെടുമെന്ന് കരുതിയതായി ധാരാളം കമന്റുകൾ വായിക്കാൻ ഇടയായി. അത്രത്തോളം സെക്സ് സീക്വൻസുകളുള്ള ഒരു പടമായിട്ടാണ് ഇതിനെ കാണുന്നത്. സിനിമ കണ്ടവരെല്ലാം അന്തംവിട്ടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്—ഗീതു മോഹൻദാസിന് ഇതെന്തു പറ്റി എന്ന്! സിനിമകളിൽ ചിലതൊക്കെ കലക്ഷനിൽ മോശമാകുമ്പോഴും സിനിമയ്ക്ക് ഒരു അഭിപ്രായം ഉണ്ടാകാറുണ്ട്. ഇത് കണ്ടവരെല്ലാം ഒരേപോലെ പറയുന്നത്, ‘ടോക്സിക്’ കണ്ടിട്ട് ഒന്നും മനസ്സിലാകുന്നില്ലെന്നും കുറെ വെടിയൊച്ചകൾ മാത്രമാണുള്ളതെന്നുമാണ്. ഇതിനിടയിൽ ചിലരൊക്കെ ചോദിക്കുന്നുണ്ട്, ഈ സിനിമയെക്കുറിച്ച് പാർവതി തിരുവോത്തും ഡബ്ല്യൂസിസി അംഗങ്ങളും എന്താ ഒന്നും മിണ്ടാത്തതെന്ന്! മറ്റൊരു വാർത്ത, പാർവതി തിരുവോത്ത് ഗീതു മോഹൻദാസിനെ ഇൻസ്റ്റഗ്രാമിൽ നിന്നും അൺഫോളോ ചെയ്തു എന്നാണ്.

ഇതിന്റെ നിർമാതാവിന് വിജയ് നായകനായ ‘ജനനായകൻ’ എന്ന ചിത്രത്തിൽ നല്ലതുപോലെ കൈപൊള്ളിയിരിക്കുമ്പോഴാണ്, ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത ‘ടോക്സിക്’ സിനിമയ്ക്കും അതിനേക്കാൾ ഏറെ അടി കിട്ടിയിരിക്കുന്നത്. ‘ജനനായകൻ’ എന്ന സിനിമ നേരത്തെ പൈറസിയിൽ ഇറങ്ങിയിരുന്നുവെങ്കിലും ദയനീയമായ ഒരു പരാജയം ഏറ്റുവാങ്ങേണ്ടി വന്നില്ല; കുഴപ്പമില്ലാതെ കണ്ടുകൊണ്ടിരിക്കാവുന്ന ഒരു സിനിമ എന്ന അഭിപ്രായവുമുണ്ട്. നിർമാതാവിന് ഇനിയുള്ള ഏക പ്രതീക്ഷ പ്രിയദർശൻ ചിത്രത്തിലാണ്.

ഇവിടെ നിരൂപകർ ഒന്നടങ്കം ഗീതു മോഹൻദാസിനെ എയറിൽ നിർത്തുമ്പോൾ, അധികം ആർക്കും അറിയാൻ പാടില്ലാത്ത ഒരു പിന്നാമ്പുറ കഥയുണ്ട് ഈ ചിത്രവുമായി ബന്ധപ്പെട്ട്. ഒരുപക്ഷേ, കുറച്ചധികം നാളുകൾ കഴിയുമ്പോൾ ഞാൻ പറയാൻ പോകുന്ന സംഭവകഥ അവർ തന്നെ വെളിയിൽ വിടുമായിരിക്കും. ഒരു സംവിധായകനോ സംവിധായികയോ ഒരു കഥയുണ്ടാക്കി അവരുടെ ഭാവനയ്ക്കനുസരിച്ച് അതിനെ പരിപോഷിപ്പിച്ച് മനസ്സിലിട്ട് താലോലിച്ചു വളർത്തി എങ്ങനെ മനോഹരമായ ഒരു കലാരൂപം സൃഷ്ടിക്കാം എന്നത് തികച്ചും ആ സംവിധായകന്റെ അല്ലെങ്കിൽ സംവിധായികയുടെ മനസ്സിൽ മാത്രം ഉടലെടുക്കുന്ന ഒന്നാണ്. അതിനെ മറ്റു ടെക്നീഷ്യന്മാരെല്ലാം ചേർന്ന് മൂല്യചോർച്ച സംഭവിക്കാതെ മനോഹരമായി ചിത്രീകരിച്ചെടുക്കുന്നു. അതിലെ നല്ലത് മാത്രം എഡിറ്റ് ചെയ്ത് സംഗീതവും എഫക്റ്റുമൊക്കെ കൊടുത്തുകൊണ്ട് കൂടുതൽ മോടിപിടിപ്പിക്കുന്നു.

ശരിക്കും ഗീതു മോഹൻദാസ് അങ്ങനെ തന്റെ മനസ്സിൽ താലോലിച്ച ആ കഥയെ രാജീവ് രവിയുമായി ചർച്ച ചെയ്ത്, വളരെ ഭംഗിയായി അവർ ഉദ്ദേശിച്ച കഥയെ മനോഹരമാക്കി ചിത്രീകരിച്ചു. സംവിധായികയ്ക്കും ക്യാമറാമാനും എന്തിന് യാഷിനു പോലും അവരെടുത്തു വെച്ച സിനിമയിൽ സംതൃപ്തി ഉണ്ടായിരുന്നു. എന്നാൽ ചിത്രം പൂർത്തിയായി കണ്ടതിനു ശേഷം കാര്യങ്ങളെല്ലാം തലകീഴായി മറിഞ്ഞു. സിനിമ കണ്ട ബിസിനസ് ഗ്രൂപ്പിലെ ഭൂരിപക്ഷം പേരും ഒരേ അഭിപ്രായത്തിൽ എത്തി, ഈ ചിത്രത്തിന് നല്ല അഭിപ്രായം ലഭിച്ചേക്കാം, പക്ഷേ പണം കിട്ടില്ല! അങ്ങനെ ചർച്ചകൾ ചൂടുപിടിച്ചു.

പണം നഷ്ടപ്പെടുമെന്ന് കേട്ട നിർമ്മാതാവും വിതരണക്കാരും മറ്റൊരു തീരുമാനത്തിലെത്തി: പല സീനുകളും വീണ്ടും മാറ്റി ഷൂട്ട് ചെയ്യുക. ആ തീരുമാനത്തോട് എല്ലാവരും ഒന്നുചേർന്നു. അവിടെ ഗീതുവിനെ ഒറ്റപ്പെടുത്തി, ഗീതു ആകെ ധർമ്മസങ്കടത്തിലുമായി. ഒരു സംവിധായികയുടെ മനസ്സിൽ ഉണ്ടായിരുന്ന ആ സിനിമയെ അതുമായി ബന്ധമില്ലാത്ത ഒരുകൂട്ടം ആൾക്കാർ കൈയേറി അതിനെ റീഷഫിൾ ചെയ്തു. അങ്ങനെ അതിൽ നിരവധി പേരുടെ കൈകടത്തലുകൾ ഉണ്ടായി. ഗീതുവിന്റെ നിസ്സഹായ അവസ്ഥയിൽ ചിത്രം മറ്റൊരാളെ വച്ച് 40 ദിവസത്തോളം വീണ്ടും ഷൂട്ട് ചെയ്തു. ചുരുക്കം പറഞ്ഞാൽ, എല്ലാവരും ചേർന്ന് മഹത്തായ ഒരു കലാരൂപത്തെ വികൃതമാക്കി; കലക്ഷന് വേണ്ടി ഹോട്ട് സീക്വൻസുകളും വെടിവെപ്പുകളും ധാരാളം തിരുകിക്കേറ്റി.

എല്ലാം കണ്ടും കേട്ടും നിസ്സഹായയായി സങ്കടമുള്ളിൽ ഒതുക്കി ഗീതു മോഹൻദാസ് മൗനം പാലിച്ചു നിന്നു എന്നാണ് പറയപ്പെടുന്നത്. കൊട്ടിഘോഷിച്ചുകൊണ്ട് ലോകം മുഴുവൻ ചിത്രം റിലീസ് ചെയ്യുന്നു. ചിത്രം എട്ടു നിലയിൽ പൊട്ടി നിലംപരിശാകുന്നു. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. രണ്ടാമത് ഷൂട്ട് ചെയ്തതിനുശേഷം ഗീതുവിന്റെ കഥയുമായിട്ട് ഇതിന് വലിയ സാമ്യം ഒന്നും ഇല്ലായിരുന്നു. ഇനി ഗീതുവിന്റെ സിനിമ ആയിരുന്നുവെങ്കിൽ ഒരിക്കലും ആ സിനിമയ്ക്ക് ഈ ഒരു ഗതി വരില്ലായിരുന്നു; കാരണം ഗീതുവിനും രാജീവ് രവിക്കും സിനിമ എന്തെന്നും അതെങ്ങനെ എടുക്കണമെന്നും അറിയാവുന്നവരാണ്. ഇനിയും അവർക്ക് അതിന് കഴിയുമെന്ന് കാലം തെളിയിക്കും.”

Related Articles

Back to top button