നേപ്പാൾ പ്രളയം.. കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ…8 മലയാളികളെപ്പറ്റി..

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു. ദുരന്തത്തിൽ 579 പേർ മരിച്ചതായാണ് ഏറ്റവുമൊടുവിലെ റിപ്പോർട്ട്. ആയിരത്തോളംപേരെ ഇനിയും കണ്ടെത്താനുണ്ടെന്നും നേപ്പാൾ അധികൃതർ വ്യക്തമാക്കി. ദുരന്തത്തിൽ അഞ്ചുപേർ ബുധനാഴ്ച മരിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 552 ആയി. 1500 ഓളം പേരെയെങ്കിലും കാണാതായിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ദുരന്തത്തിൽപ്പെട്ട 3742 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയതായാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ദുരന്തബാധിത പ്രദേശമായ റസുവയിൽ നിന്ന് 117 വിദേശികളെ വ്യോമസേന രക്ഷപ്പെടുത്തി. ഇതിൽ 85 പേർ ഇന്ത്യൻ പൗരന്മാരും 16 പേർ ചൈനക്കാരുമാണ്. 60ലധികം ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. നേപ്പാളിൽ നിന്ന് രക്ഷപ്പെടുത്തിയ തമിഴ്നാട് സ്വദേശികളായ 21 അംഗ സംഘത്തെ ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചു. ഇവരെ പ്രത്യേക വിമാനത്തിൽ തമിഴ്നാട്ടിലേക്ക് അയക്കും.
അതേസമയം നേപ്പാളിലെ 320 ഇന്ത്യക്കാരെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 100 ഇന്ത്യൻ വംശജരെക്കുറിച്ചും 8 മലയാളികളെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നേപ്പാളിൽ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായി. 21 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. നേപ്പാളിൽ നിന്ന് രക്ഷപ്പെടുത്തിയ മറ്റ് 63 ഇന്ത്യക്കാരെയും ഉടൻ തന്നെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് രൺധീർ ജയ്സ്വാൾ അറിയിച്ചു.




