നേപ്പാൾ പ്രളയത്തിൽ മരണം 475 ആയി… 60 മലയാളികൾ…

നേപ്പാളിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം പേരെ കാണാതായതായാണ് റിപ്പോർട്ട്. അതേസമയം, ആശയവിനിമയം നഷ്ടമായിരുന്ന മലയാളികളിൽ 60 പേരെ സുരക്ഷിതരായി കണ്ടെത്തിയതായി നോർക്ക അറിയിച്ചു. ആശയവിനിമയം സാധ്യമാകാതിരുന്ന 82 മലയാളികളുടെ വിവരങ്ങളാണ് നേരത്തെ ഹെൽപ്പ് ഡെസ്‌കുകൾ വഴി ലഭിച്ചത്. ഇതിൽ 60 പേരെക്കുറിച്ച് ഇപ്പോൾ വിവരം ലഭിച്ചു. ഇവരിൽ 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികളാണെന്നും നോർക്ക വ്യക്തമാക്കി. ഇനി എട്ട് മലയാളികളെക്കുറിച്ചാണ് വിവരം ലഭിക്കാനുള്ളത്. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യ സംഘങ്ങൾക്ക് നിലവിൽ അനുമതി നൽകിയിട്ടില്ലെന്ന് നേപ്പാൾ വ്യക്തമാക്കി. സൈന്യം, പൊലീസ്, മറ്റ് ഏജൻസികൾ എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരാൻ കഴിയുന്നതിനാൽ വിദേശ രക്ഷാദൗത്യ സംഘങ്ങളുടെ സഹായം തൽക്കാലം ആവശ്യമില്ലെന്നാണ് നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. എന്നാൽ ദുരിതാശ്വാസ സാമഗ്രികളും ധനസഹായവും സ്വീകരിക്കുമെന്ന് നേപ്പാൾ അറിയിച്ചു. അതിനിടെ, വീണ്ടും പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ത്രിശൂൽ മേഖലയിലെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും തിരച്ചിൽ നിർത്തിവെച്ചിട്ടുണ്ട്. ടിബറ്റൻ മേഖലയിൽ അഞ്ച് പേർ മരിച്ചതായി ചൈന അറിയിച്ചു.

Related Articles

Back to top button