വിലക്കയറ്റത്തിന് പിന്നാലെ പഞ്ചസാര വാങ്ങാനും നിയന്ത്രണം….

തിരുവനന്തപുരം: വരാനിരിക്കുന്ന ഉത്സവകാലത്തിന് മുൻപായി സാധാരണ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി പഞ്ചസാര വില ഉയരുന്നു. വില വർധിച്ചതിന് പിന്നാലെ ആവശ്യത്തിന് പഞ്ചസാര ലഭിക്കാത്ത സാഹചര്യവും വിപണിയിൽ തുടരുകയാണ്. ഇതോടെ ക്വിക്ക് കൊമേഴ്സ് ആപ്പുകളും ഓഫ്ലൈൻ സൂപ്പർമാർക്കറ്റുകളും പഞ്ചസാര വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലാണ് പഞ്ചസാര ഉൽപ്പന്നങ്ങൾക്ക് പർച്ചേസ് ലിമിറ്റ് ഏർപ്പെടുത്തിയിരിക്കുന്നത്. ചില ഉൽപ്പന്നങ്ങൾക്ക് ഒരു ഓർഡറിൽ പരമാവധി രണ്ട് കിലോഗ്രാം പഞ്ചസാര മാത്രമാണ് വാങ്ങാൻ കഴിയുന്നത്.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് പിന്നാലെ ഡിമാർട്ട്, റിലയൻസ് തുടങ്ങിയ വൻകിട സൂപ്പർമാർക്കറ്റുകളിലും വാങ്ങൽ നിയന്ത്രണമുണ്ട്. ഒരാൾക്ക് രണ്ട് മുതൽ മൂന്ന് കിലോഗ്രാം വരെ പഞ്ചസാര മാത്രമാണ് നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. പൂജ, ദീപാവലി തുടങ്ങിയ ഉത്സവങ്ങൾ അടുത്തിരിക്കെ മധുരപലഹാരങ്ങൾ വലിയതോതിൽ തയ്യാറാക്കുന്ന കുടുംബങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും നിയന്ത്രണം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര വിപണിയിലെ പഞ്ചസാര ലഭ്യത കുറഞ്ഞതും പൂഴ്ത്തിവെപ്പും വിലക്കയറ്റത്തിന് കാരണമായെന്നാണ് റിപ്പോർട്ടുകൾ. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 31 വരെ 10 ലക്ഷം ടൺ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു.
അസംസ്കൃത പഞ്ചസാര ശുദ്ധീകരിച്ച് വിപണിയിലെത്തിക്കുന്നതിനുള്ള സമയപരിധിയിലും സർക്കാർ ഇളവ് വരുത്തിയിട്ടുണ്ട്. ‘ബിൽ ഓഫ് എൻട്രി’ സമർപ്പിക്കുന്ന തീയതി മുതൽ രണ്ട് മാസത്തെ സാവകാശമാണ് റിഫൈനറികൾക്ക് അനുവദിച്ചിരിക്കുന്നത്. ഉത്സവകാലത്ത് ആവശ്യകത ഉയരാനിരിക്കെ പഞ്ചസാരയുടെ ലഭ്യതയും വിലയും എങ്ങനെ മാറുമെന്നതിലാണ് ഇനി വിപണിയുടെ ശ്രദ്ധ.



