‘ടോക്സിക്’ വിവാദത്തിൽ വിശദീകരണവുമായി മഹേഷ് കുഞ്ഞുമോൻ..

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ-അപ്സ്’ ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിച്ച തെറ്റായ പരാമർശത്തിൽ വിശദീകരണവുമായി മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ. ‘ടോക്സിക്കി’ൽ യഷിന് വേണ്ടി ഡബ് ചെയ്തത് മഹേഷ് കുഞ്ഞുമോനാണെന്ന് ഒരു യൂട്യൂബ് റിവ്യൂവർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താൻ ചിത്രത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മഹേഷ് കുഞ്ഞുമോൻ രംഗത്തെത്തിയത്.

‘മഹേഷ് കുഞ്ഞുമോൻ ആണ് ഡബ് ചെയ്തിരിക്കുന്നത്. എനിക്ക് സംശയമുണ്ട്. ഒരേ തരത്തിലുള്ള വെറുപ്പിക്കൽ’ എന്നായിരുന്നു റിവ്യൂവറുടെ പരാമർശം. റിവ്യൂവറുടെ വീഡിയോ ഉൾപ്പെടുത്തിയാണ് മഹേഷ് സാമൂഹിക മാധ്യമങ്ങളിലൂടെ വിശദീകരണം നൽകിയത്. ‘എല്ലാവരോടും കൂടെ പറയുകയാണ്, ഞാൻ ആ പടത്തിൽ ഡബ് ചെയ്തിട്ടില്ല. ആ പടത്തിൽ വർക്കേ ചെയ്തിട്ടില്ല. ആ വിവരം അറിയിക്കാനാണ് വീഡിയോ പങ്കുവെക്കുന്നത്. ഇനിയൊരു തെറ്റിദ്ധാരണയുടെ പുറത്ത് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണിത്. അതിന്റെ പേരിൽ ഇനിയൊരു പ്രശ്നം വേണ്ട’ എന്നാണ് മഹേഷ് കുഞ്ഞുമോൻ വ്യക്തമാക്കിയത്.

അതേസമയം, ആദ്യപ്രദർശനം മുതൽ ‘ടോക്സിക്’ ചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക ഡീഗ്രേഡിങ് നടക്കുന്നുണ്ട്. ചില യൂട്യൂബ് റിവ്യൂവർമാരിൽനിന്നും ചിത്രത്തിനെതിരെ സമാനമായ പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ-അപ്സ്’ ബുധനാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ഗീതു മോഹൻദാസും യഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. രാജീവ് രവിയാണ് ഛായാഗ്രാഹകൻ. മലയാളത്തിൽ യഷിന് ശബ്ദം നൽകിയിരിക്കുന്നത് നടൻ റോഷൻ മാത്യുവാണ്.

Related Articles

Back to top button