‘അടക്കാൻ സ്ഥലമില്ല, ദഹിപ്പിക്കാം…. അജ്ഞാത മൃതദേഹം സംസ്കരിക്കാനാകാതെ…

കണ്ണൂർ: അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. തിരിച്ചറിയാൻ കഴിയാത്ത മധ്യവയസ്കന്റെ മൃതദേഹം ഒന്നര മാസമായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആയിക്കര ഹാർബറിൽ ജൂലൈ ഏഴിനാണ് മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇതുവരെ മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോർപ്പറേഷന് കത്ത് നൽകിയിരുന്നു. എന്നാൽ മൃതദേഹം അടക്കം ചെയ്യാൻ സ്ഥലമില്ലെന്നും ദഹിപ്പിക്കാമെന്നുമാണ് കോർപ്പറേഷൻ മറുപടി നൽകിയത്. അതേസമയം, മൃതദേഹം അജ്ഞാതമായതിനാൽ ദഹിപ്പിക്കാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. ഇതോടെ മൃതദേഹം സംസ്കരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മോർച്ചറിയിൽ മൃതദേഹം ദീർഘകാലമായി സൂക്ഷിക്കുന്നതിനാൽ അടിയന്തരമായി തുടർനടപടി സ്വീകരിക്കണമെന്ന് ജില്ലാ ആശുപത്രി അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് കോർപ്പറേഷന് കത്ത് നൽകിയിട്ടുണ്ട്. മൃതശരീരം തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സംസ്കാര നടപടികളിലും തീരുമാനമാകാതെ കിടക്കുന്നത്.

Related Articles

Back to top button