ദേശീയപാതയിൽ രാത്രി യുവതിയെ ഇറക്കിവിട്ട സംഭവം… ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ…

കോഴിക്കോട്: യുവതിയെ രാത്രി ദേശീയപാതയുടെ ഉയരമുള്ള ഭാഗത്ത് ഇറക്കിവിട്ട സംഭവത്തിൽ സ്വകാര്യ ബസിനെതിരെ നടപടി. സംഭവത്തിൽ ഉൾപ്പെട്ട ബസിന്റെ പെർമിറ്റ് റദ്ദാക്കാനും പിഴ ഈടാക്കാനും പയ്യോളി പൊലീസ് ആർ.ടി.ഒയ്ക്ക് റിപ്പോർട്ട് നൽകി. കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് യുവതിയെ രാത്രിയിൽ ദേശീയപാതയോരത്ത് ഇറക്കിവിട്ടത്. തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ കോണിയെത്തിച്ചാണ് യുവതിയെ ദേശീയപാതയിൽനിന്ന് താഴെയിറക്കിയത്.
കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തിയിരുന്ന ‘ഋതിക’ എന്ന ബസിലാണ് സംഭവം. തിക്കോടി ബസ് സ്റ്റോപ്പിൽ ഇറങ്ങാനാണ് യുവതി ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ ബസ് സർവീസ് റോഡിലൂടെ പോകാതെ ദേശീയപാതയിലൂടെയാണ് പോയത്. തിക്കോടി ടൗണിലേക്ക് ബസ് പോകില്ലെന്നും വേണമെങ്കിൽ ഇറങ്ങിക്കോളൂവെന്നും ജീവനക്കാർ പറഞ്ഞതോടെ യുവതിയെ ഹൈവേയിലെ ഉയർന്ന ഭാഗത്ത് ഇറക്കിവിടുകയായിരുന്നു. വെളിച്ചമില്ലാത്ത പ്രദേശത്ത് എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചുനിന്ന യുവതിയെ നാട്ടുകാരാണ് കണ്ടത്. തുടർന്ന് കോണിയെത്തിച്ച് സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. സ്വകാര്യ ബസുകൾക്ക് ദേശീയപാതയിലൂടെ സർവീസ് നടത്തുന്നതിന് അനുമതിയില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇത് ലംഘിച്ച് ബസ് സർവീസ് നടത്തിയതിന് പുറമേ, രാത്രിയിൽ ദേശീയപാതയിലെ ഉയർന്ന ഭാഗത്ത് യാത്രക്കാരിയെ ഇറക്കിവിട്ടതും ഗുരുതരമായ നിയമലംഘനമാണെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വിശദമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ബസിന്റെ പെർമിറ്റ് റദ്ദാക്കാനും പിഴ ഈടാക്കാനും പയ്യോളി പൊലീസ് ആർ.ടി.ഒയ്ക്ക് റിപ്പോർട്ട് നൽകിയത്.
