ഇൻസ്റ്റഗ്രാം പരിചയം… പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് കൗമാരക്കാർ….

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടതിന് പിന്നാലെ ഗുജറാത്തിലെ വൽസാദ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് കൗമാരക്കാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൽസാദിലെ തീരദേശ മേഖലയായ തിഥലിലുള്ള സായിബാബ ക്ഷേത്രത്തിന് സമീപം ഓഗസ്റ്റ് 23ന് രാത്രിയിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ അമ്മ വൽസാദ് സിറ്റി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിയുന്നത്.

ഏകദേശം രണ്ട് വർഷം മുൻപാണ് പെൺകുട്ടി പ്രതികളിലൊരാളുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും സോഷ്യൽ മീഡിയയിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓഗസ്റ്റ് 23ന് സായിബാബ ക്ഷേത്രത്തിന് സമീപത്തേക്ക് എത്താൻ പ്രതി പെൺകുട്ടിയോട് ആവശ്യപ്പെട്ടു. പെൺകുട്ടി സ്ഥലത്തെത്തിയപ്പോൾ പ്രതിക്കൊപ്പം മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മൂവരും ചേർന്ന് നടക്കാനെന്ന പേരിൽ പെൺകുട്ടിയെ ക്ഷേത്രത്തിന് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എ.കെ. വർമ്മ അറിയിച്ചത്. പിന്നീട് മൂന്നാമത്തെ സുഹൃത്തിനെ കൂടി സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും മൂന്ന് പേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.

സംഭവത്തിന് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പ്രദേശത്ത് തിരച്ചിൽ നടത്തി. പുലർച്ചെ ഒന്നരയോടെ വാഡിക്ക് സമീപത്തുനിന്നാണ് ഭയന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നത് കണ്ടതോടെ പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വീട്ടിലെത്തിയ ശേഷം പെൺകുട്ടി സംഭവിച്ച കാര്യങ്ങൾ അമ്മയോട് വെളിപ്പെടുത്തി. തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം തന്നെ പ്രതികളായ മൂന്ന് കൗമാരക്കാരെയും പൊലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു.

Back to top button