വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം… 35 പേർക്ക് പരിക്ക്… നാലുപേരുടെ നില…

എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോകുകയായിരുന്നു വിവാഹസംഘം. ഇതിനിടെ ഇടതുവശത്തുകൂടി പോയ ഇരുചക്രവാഹന യാത്രികൻ വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് പെട്ടെന്ന് പ്രവേശിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

ഇരുചക്രവാഹന യാത്രികനെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് പെട്രോൾ പമ്പിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ ബസ് മറിഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നിൽ വാഹനമുണ്ടോയെന്ന് പരിശോധിക്കാതെ ഇരുചക്രവാഹന യാത്രികൻ പെട്രോൾ പമ്പിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതും, ഇയാളെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ച് വലത്തേക്ക് മാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് പെട്രോൾ പമ്പിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറിയ ബസ് മറിയുകയായിരുന്നു. പമ്പിന് സമീപം നിന്ന സ്കൂട്ടർ യാത്രികന്റെ തൊട്ടടുത്തേക്കാണ് ബസ് മറിഞ്ഞത്. ഇയാൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ തുടരുകയാണ്.

Related Articles

Back to top button