ഡോക്ടർമാരുടെ പുനർവിന്യാസത്തിന് രൂപരേഖയായി

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡോക്ടർമാരുടെ പുനർവിന്യാസത്തിനുള്ള അന്തിമ രൂപരേഖയായി. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് ആരോഗ്യവകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ, പ്രധാന ആശുപത്രികളിലെ ആറ് സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ മുഴുവൻ സമയവും സേവനം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന പുനലൂരിൽ 15 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയാണ് അധികമായി ആവശ്യമായി വരുന്നത്. കൊല്ലം ജില്ലയിൽ മാത്രം പ്രാഥമിക, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ള 74 ഡോക്ടർമാരെ പുനർവിന്യസിക്കും. കൂടാതെ, ആവശ്യാനുസരണം നഴ്സുമാരെയും മറ്റ് ജീവനക്കാരെയും മാറ്റി നിയമിക്കുകയും, ആവശ്യമെങ്കിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നുള്ള സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യും. ഈ മാതൃക പിന്നീട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും



