‘സർക്കാർ മുൻകൂട്ടി നടപടികൾ സ്വീകരിച്ചു’; അതുകൊണ്ട് സംസ്ഥാനത്ത്..

സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായതെന്ന് മന്ത്രി അനൂപ് ജേക്കബ്. ഓണക്കാലത്ത് വിപണിയിൽ ഉൽപ്പന്നങ്ങൾ എത്തിച്ചും ഓണം ഫെയറുകൾ നേരത്തെ ആരംഭിച്ചും ആണ് വിലക്കയറ്റം തടയാനായത്. ആന്ധ്രാപ്രദേശിൽ അടക്കം പോയി കാര്യങ്ങൾ പഠിച്ചിരുന്നു. അരിയുടെ വിലക്കയറ്റം തടയുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും അനൂപ് ജേക്കബ് ഒരു വാർത്താചാനലിനോട് പറഞ്ഞു.
രാഷ്ട്രീയ വാദങ്ങൾക്ക് ഓണക്കാലത്തെ ഉപയോഗിക്കരുതെന്നും പറഞ്ഞ അനൂപ് ജേക്കബ്, 33 ദിവസം കൊണ്ട് 400 കോടിയുടെ വിറ്റുവരവ് സപ്ലൈകോ നേടിയെന്നും പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്തേക്കാൾ സബ്സിഡി ഉൽപ്പന്നങ്ങളിൽ അഞ്ച് എണ്ണത്തിന് വില കുറച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഹോർട്ടികോർപ്പ് വഴി പരമാവധി കാർഷികോത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യാൻ കഴിഞ്ഞു. കർഷകരുടെ കുടിശ്ശിക കൊടുത്തു വരികയാണെന്നും പതിമൂവായിരത്തോളം കർഷകർക്ക് ഓണത്തിന് മുൻപ് അക്കൗണ്ട് വഴി പണം നൽകിയെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.



