മഞ്ചേശ്വരം വെടിവെപ്പ് കേസ്.. ഒരാൾ അറസ്റ്റിൽ

കാസർകോട്: മഞ്ചേശ്വരം മിയാപ്പദവിൽ വ്യാപാരിയെ ഭീഷണിപ്പെടുത്തി ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ സ്വദേശി മുഹമ്മദ് സഫ്വാൻ (28) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് മിയാപ്പദവിലെ ബട്ട്യപ്പദവിൽ വ്യാപാര സ്ഥാപനത്തിൽ കയറി സംഘം വ്യാപാരിയെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ബട്ട്യപ്പദവിലെ എ.എസ് ജനറൽ സ്റ്റോർസ് ഉടമ ശുഹൈബ് മൊയിൻ ഷേഖാണ് ഭീഷണിക്കിരയായത്. നിരവധി കേസുകളിൽ പ്രതികളായ മിയാപ്പദവ് റഹീം, ഖാദർ മദങ്കല്ല് എന്നിവരാണ് വെടിയുതിർത്തതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവർക്കൊപ്പമുണ്ടായിരുന്ന സംഘത്തിലെ അംഗമാണ് അറസ്റ്റിലായ മുഹമ്മദ് സഫ്വാൻ. സംഭവത്തിൽ ശുഹൈബ് മൊയിൻ ഷേഖിന്റെ സഹോദരീഭർത്താവ് അബൂബക്കർ സിദ്ദീഖും പ്രതിയാണ്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



